ഫ്രാൻസിന്റെ ഇന്ത്യൻ മഹാസമുദ്ര പ്രദേശമായ മയോട്ടെയിൽ ശനിയാഴ്ച വീശിയടിച്ച ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം നൂറുകണക്കിനാണെന്ന് ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ പറഞ്ഞു. മണിക്കൂറിൽ 225 കിലോമീറ്ററിലധികം വേഗതയിൽ വീശിയെത്തിയ കുഴലിക്കാട്ട് മയോട്ടെയിലൊട്ടാകെ നാശം വിതച്ചു.
അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 11 ആയിരുന്നു. എന്നാൽ പ്രാദേശിക മാധ്യമങ്ങളോടു സംസാരിച്ച ദ്വീപിന്റെ പ്രിഫെക്ട് ഫ്രാങ്കോയിസ്-സേവിയർ ബ്യൂവില്ലെ, നാശനഷ്ടങ്ങൾ പൂർണ്ണമായി വിലയിരുത്തിയാൽ തീർച്ചയായും മരണസംഖ്യ നൂറുകണക്കിനാകുമെന്നും പറഞ്ഞു. ധാരാളം ആളുകൾ ഗുരുതരമായി പരിക്കേറ്റ് മരണത്തോട് മല്ലിടുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നേരത്തെ മയോട്ടെയിലെ ജനങ്ങൾക്കായി ഫ്രാൻസ് ഉണ്ടാകുമെന്നും 250 രക്ഷാപ്രവർത്തകരെ അയയ്ക്കുമെന്നും പറഞ്ഞിരുന്നു. ‘എല്ലാ താൽക്കാലിക വീടുകളും പൂർണ്ണമായും നശിപ്പിക്കപ്പെട്ടു’ എന്നും ‘കനത്ത’ മരണസംഖ്യ ഉണ്ടാകുമെന്ന് ഭയപ്പെടുന്നുവെന്നും ഫ്രാൻസിന്റെ ആഭ്യന്തരമന്ത്രി ബ്രൂണോ റീട്ടിലിയോ പറഞ്ഞു. ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച 11 പേർ കൊല്ലപ്പെടുകയും 246 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒരു പ്രാദേശിക വാർത്താസ്രോതസ്സ് റിപ്പോർട്ട് ചെയ്തു.
മഡഗാസ്കറിന് വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മയോട്ടെ, ഗ്രാൻഡ്-ടെറെ എന്ന ഒരു പ്രധാന ദ്വീപും നിരവധി ചെറിയ ദ്വീപുകളും ഉൾക്കൊള്ളുന്ന ഒരു ദ്വീപസമൂഹമാണ്.