ഇന്ത്യയിലെ ആദ്യ മുലയൂട്ടല്‍ സൗഹൃദ സര്‍ക്കാര്‍ ആശുപത്രിയായി മാറിയിരിക്കുകയാണ് തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ബന്‍സ്വാഡയിലെ മദര്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മുലയൂട്ടല്‍ സംബന്ധിച്ച പത്ത് മാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പാക്കിയതിനാണ് ആശുപത്രിയ്ക്ക് ഈ അംഗീകാരം ലഭിച്ചത്. ഇതിനുപുറമേ കേന്ദ്ര സര്‍ക്കാരിന്റെ മദേഴ്സ് അബ്സൊല്യൂട്ട് അഫെക്ഷന് (MAA) എന്ന പ്രത്യേക പദ്ധതികൂടി കണക്കിലെടുത്താണ് ഈ നേട്ടം.
ആശുപത്രിയ്ക്ക് ലഭിച്ച ഔദ്യോഗിക അംഗീകാര സര്‍ട്ടിഫിക്കറ്റിന് ഈ വര്‍ഷം ഫെബ്രുവരി 17 മുതല്‍ 2026 ഫെബ്രുവരി 16 വരെയാണ് സാധുതയുള്ളത്. 1989ല്‍ ലോകാരോഗ്യ സംഘടനയും യുണിസെഫും ചേര്‍ന്നാണ് ഇതിനുവേണ്ട മാനദണ്ഡങ്ങള്‍ വികസിപ്പിച്ചത്. ബ്രെസ്റ്റ് ഫീഡിംഗ് പ്രൊമോഷന് നെറ്റ്വര്‍ക്ക് ഓഫ് ഇന്ത്യയും (BPNI) അസോസിയേഷന് ഓഫ് ഹെല്‍ത്ത് പ്രൊവൈഡേഴ്സ് ഇന്ത്യയും (AHPI) നിശ്ചിത മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ആശുപത്രികളെ തിരഞ്ഞെടുക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായി നടത്തിയ പരിശോധനകള്‍ വിലയിരുത്തിയാണ് ബന്‍സ്വാഡ എംസിഎച്ചിന് ഈ അംഗീകാരം ലഭിച്ചത്. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക സംഘം എത്തി ആശുപത്രി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതില്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
ജനിച്ച് 30 മിനിറ്റിനുള്ളില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് ഗര്‍ഭിണികളെയും മുലയൂട്ടുന്ന സ്ത്രീകളെയും ബോധവത്കരിക്കാന്‍ സഹായിക്കുന്ന സന്നദ്ധപ്രവര്‍ത്തകരും ബ്രെസ്റ്റ് ഫീഡിംഗ് പ്രൊമോഷന് നെറ്റ്വര്‍ക്ക് ഓഫ് ഇന്ത്യയ്ക്ക് കീഴില്‍ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര് ബന്‍സ്വാഡയിലെ മദര്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോസ്പിറ്റലില്‍ നിന്നുള്ളവരാണ്. മൊത്തം 35 പേര്‍ക്കാണ് പരിശീലനം നല്‍കിയിരിക്കുന്നത്.