മലപ്പുറത്ത് അഞ്ചാം പനി രോഗം വ്യാപിക്കുന്നതിനെത്തുടർന്ന് കേന്ദ്ര സംഘം ജില്ലയിൽ ഇന്നെത്തും. ഇതിനോടകം 130 തോളം പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് കേന്ദ്ര സംഘത്തിൻറെ സന്ദർശനം.
രോഗവ്യാപനത്തെ കുറിച്ച് പഠിക്കുന്നതിൻറെ ഭാഗമായാണ് കേന്ദ്ര സംഘം ജില്ല സന്ദർശിക്കുന്നത്. ഇതിൻറെ ഭാഗമായി ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. അതിനുശേഷമാകും ഏതൊക്കെ പ്രദേശങ്ങൾ സന്ദർശിക്കണം എന്നതടക്കമുളള കാര്യങ്ങൾ തീരുമാനിക്കുക.
ജില്ലയിൽ രോഗം പ്രതിരോധിക്കുന്നതിൻറെ ഭാഗമായി കൂടുതൽ വാക്സിനുകൾ എത്തിച്ചിട്ടുണ്ട്. കൂടാതെ ഇതുവരെ വാക്സിൻ എടുക്കാത്തവർക്ക് ഭവന സന്ദർശനത്തിലൂടെയടക്കം ബോധവൽക്കരണം നൽകി വാക്സിൽ നൽകാനുളള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. നാളെ നടക്കുന്ന ജില്ലാ വികസന സമിതി യോഗം പ്രതിരോധ നടപടികൾ ചർച്ച ചെയ്യും എന്നാണ് വിവരം.