Monday, January 20, 2025

എയ്‌റോ ഇന്ത്യ 2025: യെലഹങ്ക സോണിൽ ഒരുമാസത്തേക്ക് മാംസ-സസ്യേതര ഭക്ഷണങ്ങൾക്ക് നിരോധനം

യെലഹങ്ക സോണിൽ ഒരുമാസത്തേക്ക് മാംസ-സസ്യേതര ഭക്ഷണങ്ങൾക്ക് നിരോധനം. ഷോയ്‌ക്ക് മുന്നോടിയായുള്ള വിമാനപരിശീലന സെഷനുകളിൽ പക്ഷി ഇടിക്കുന്നത് ഒഴിവാക്കാനുള്ള സുരക്ഷാ മുൻകരുതലെന്ന നിലയിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

എയ്‌റോ ഇന്ത്യയുടെ പതിനഞ്ചാമത് എഡിഷൻ ഫെബ്രുവരി രണ്ടാം വാരത്തിൽ (10-14) യെലഹങ്ക എയർഫോഴ്‌സ് സ്‌റ്റേഷനിൽ ആരംഭിക്കാനിരിക്കെ, ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബി. ബി. എം. പി.) ബെംഗളൂരു നോർത്ത് പ്രദേശങ്ങളിൽ മാംസവും സസ്യേതരഭക്ഷണവും വിൽക്കുന്നതിന് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കൃത്യമായി പറഞ്ഞാൽ, ജനുവരി 23 മുതൽ ഫെബ്രുവരി 17 വരെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനു ചുറ്റുമുള്ള 13 കിലോമീറ്റർ പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അവശിഷ്ടമായ ഭക്ഷണവും മാംസാവശിഷ്ടങ്ങളും ഭക്ഷിക്കുന്ന ഇരപിടിയൻ പക്ഷികളെ, പ്രത്യേകിച്ച് കഴുകന്മാരെ എയർ ഷോ സമയത്ത് ആകാശത്തുനിന്ന് അകറ്റിനിർത്തും.

എയ്‌റോ ഇന്ത്യ 2025 പരിപാടിയിൽ ഇന്ത്യയുടെ സൂര്യകിരൺ ഫൈറ്റർ ജെറ്റ് ടീമും സാരംഗ് ഹെലികോപ്റ്റർ എയ്‌റോബാറ്റിക്‌സ് ടീമും പങ്കെടുക്കുന്നുണ്ട്. “ഇതിന്റെ ഏത് ലംഘനവും ബി. ബി. എം. പി. ആക്റ്റ് 2020, ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾസ് 1937 റൂൾ 91 എന്നിവ പ്രകാരം ശിക്ഷിക്കപ്പെടും” – ബി. ബി. എം. പി. വിജ്ഞാപനത്തിൽ പറയുന്നു.

1996 ൽ ആരംഭിച്ചതുമുതൽ ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയുടെ സിലിക്കൺ നഗരമായ ബെംഗളൂരുവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News