സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ ചങ്ങനാശേരി, മെലാഞ്ച് ഇന്റർ കൊളേജിയേറ്റ് മീഡിയ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. എസ് ജെ സി സി രണ്ട് വർഷം കൂടുമ്പോൾ നടത്തുന്ന മെലാഞ്ച് ഫെസ്റ്റ് ഈ വർഷം നവംബർ 30, ഡിസംബർ 1, 2 തീയതികളിലായാണ് നടത്തപ്പെടുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഫെസ്റ്റിൽ പങ്കെടുക്കും. ‘വിശ്വസാഹോദര്യം’ എന്നതാണ് മെലാഞ്ചിന്റെ ഇത്തവണത്തെ ആപ്തവാക്യം. വ്യത്യസ്ത തരത്തിലുളള ഇൻസ്റ്റലേഷനുകളും എക്സിബിഷനുകളുമാണ് പരിപാടിയുടെ മുഖ്യ ആകർഷണം.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽ 24 ഇനങ്ങളിലായി മത്സരം നടക്കും. കോളേജ് വിദ്യാർത്ഥികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും വെവ്വേറെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. നാല് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്കായി ഒരുക്കിയിരിക്കുന്നത്. കോളേജ് വിദ്യാർത്ഥികളുടെ ബാൻഡും, ഡാൻസും, സ്റ്റേജ് ഷോകളും പരിപാടികളുടെ പ്രത്യേകതയാണ്.
ഫെസ്റ്റിന്റെ ആദ്യദിനമായ നവംബർ 30- ന് പ്രശസ്ത സംവിധായകനും സിനിമ താരവുമായ ശ്രീ. രമേഷ് പിഷാരടി ഉദ്ഘാടനം നിർവ്വഹിക്കും. ഉദ്ഘാടന സമ്മേളനത്തിൽ ചങ്ങനാശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സന്ധ്യാ മനോജ് മുഖ്യപ്രഭാഷണം നടത്തും. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ആന്റണി എത്തയ്ക്കാട് അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഫാ. ജോസഫ് പാറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. മാധ്യമരംഗത്ത് നിരവധി അവാർഡുകളും പ്രശംസയും കരസ്ഥമാക്കിയ കോളേജിലെ 10 പൂർവ്വവിദ്യാർത്ഥികളെ പ്രത്യേകം ആദരിക്കും.
വൈകിട്ട് സതീഷ് കെ. സതീഷ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന നാടകം ‘ഫേബിൾസ് ഓഫ് അൺഫ്രെണ്ട്ലി’ അരങ്ങേറും.പരിപാടിയുടെ രണ്ടാം ദിനമായ ഡിസംബർ 1- ന് സ്പെക്ട്രം ഫാഷൻ ഷോ നടക്കും.
ഫെസ്റ്റിന്റെ അവസാന ദിനമായ ഡിസംബർ രണ്ടാം തിയതി വൈകിട്ട് പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ജോബ് കുര്യന്റെ നേതൃത്വത്തിലുള്ള സംഗീതനിശ നടക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിന്റെ പ്രധാന സ്പോൺസർ ജോബിൻ ഇന്റർനാഷണൽ കമ്പനിയാണ്. എക്സിബിഷൻ പ്രവേശനം സൗജന്യമായിരിക്കും. പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. 1, 2 തീയതികളിലെ കലാപരിപാടികൾ പാസ്സ് മൂലം നിയന്ത്രിച്ചിരിക്കുന്നു.
പത്രസമ്മേളനത്തിൽ കോളേജ് ഡയറക്ടർ ഫാ. ആന്റണി എത്തയ്ക്കാട്, പ്രിൻസിപ്പൽ ഫാ. ജോസഫ് പാറയ്ക്കൽ, വൈസ് പ്രിൻസിപ്പൽ തോമസ് ജോസഫ്, മെലാഞ്ച് കോഡിനേറ്റർ സജി ലൂക്കോസ്, മീഡിയാ ആന്റ് പ്രേമോഷൻ കോഡിനേറ്റർ ഷാർലറ്റ് എം ജോർജ്, പിആർഒ അഖില അമ്പാടി, സ്റ്റുഡൻസ് കോഡിനേറ്റർ ശബരി വിനോദ് എന്നിവർ പങ്കെടുത്തു.