മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ പുതിയ നിയമത്തിന് അംഗീകാരം നല്‍കി യൂറോപ്യന്‍ യൂണിയന്‍ (ഇയു). യൂറോപ്യന്‍ യൂണിയന്‍ മീഡിയ ഫ്രീഡം ആക്ട് എന്ന നിയമമാണ് നടപ്പാക്കുന്നത്. മാധ്യമപ്രവര്‍ത്തകരെയും അവരുടെ സ്രോതസുകളെയും സംരക്ഷിക്കാനാണ് ഇയു ലക്ഷ്യമിടുന്നത്. രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിന് പുതിയ നിയമം സഹായിക്കുമെന്നാണ് കരുതുന്നത്.
വാര്‍ത്താ ഉറവിടങ്ങള്‍ വെളിപ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകരെയും എഡിറ്റര്‍മാരെയും നിര്‍ബന്ധിക്കുന്ന തടങ്കലില്‍ വയ്ക്കല്‍, നിരീക്ഷണം, ഓഫീസ് പരിശോധനകള്‍ എന്നിവയുള്‍പ്പെടെ പുതിയ നിയമം വിലക്കുന്നു.
എന്നാല്‍ എല്ലാ മാധ്യമ സ്ഥാപനങ്ങളും ഓരോ ഇയു അംഗരാജ്യത്തിനുമുള്ള ഒരു ദേശീയ ഡാറ്റാബേസില്‍ അവരുടെ ഉടമകളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. മാധ്യമ സ്ഥാപനങ്ങള്‍ക്ക് കോടതിക്ക് പുറത്തുള്ള ആര്‍ബിട്രേഷന്‍ സ്ഥാപനത്തില്‍ കേസ് നടത്താം. മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് നിയമത്തെ സ്വാഗതം ചെയ്തു.