Monday, April 21, 2025

2025 ൽ ഫ്രാൻസിസ് പാപ്പ യുക്രൈൻ സന്ദർശിക്കാൻ സാധ്യതയെന്ന് മാധ്യമ റിപ്പോർട്ടുകൾ

2025 ൽ ഫ്രാൻസിസ് മാർപാപ്പ യുക്രൈൻ സന്ദർശിക്കാൻ സാധ്യതയുള്ളതായി മാധ്യമ റിപ്പോർട്ടുകൾ. യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവനായ മേജർ ആർച്ച്ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്, ഫ്രാൻസിസ് പാപ്പ യുക്രൈൻ സന്ദർശിച്ചേക്കുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞതായി വെളിപ്പെടുത്തുന്നു.

തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ, സഭയുടെ തലവനായ മേജർ ആർച്ച്ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക് 2025 ൽ സമാധാനം സംജാതമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്. റഷ്യയുടെ പൂർണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം യുക്രൈനിലേക്കുള്ള മാർപാപ്പയുടെ സന്ദർശനത്തിന്റെ സാധ്യത പലതവണ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. 2022 ജൂണിൽ, റോമിലെ ‘കുട്ടികളുടെ ട്രെയിൻ’ സംരംഭത്തിനിടെ കുട്ടികളോടു സംസാരിച്ച ഫ്രാൻസിസ് മാർപാപ്പ അത്തരമൊരു സന്ദർശനത്തോടുള്ള തന്റെ സമീപനം വെളിപ്പെടുത്തിയിരുന്നു.

ഡിസംബർ 25 ന് പാപ്പയുടെ ക്രിസ്തുമസ് സന്ദേശത്തെ തുടർന്നാണ് സന്ദർശന സാധ്യതയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ക്രിസ്തുമസ് സന്ദേശത്തിൽ, പാപ്പ യുക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ച് പ്രത്യേകം പരാമർശിക്കുകയും അത് അവസാനിപ്പിക്കാനും സമാധാനത്തിനായുള്ള ചർച്ചകൾക്കായും ആഹ്വാനം ചെയ്യുകയും ചെയ്തു.

Latest News