Sunday, November 24, 2024

ദീപിക പത്രത്തിന്റെ എഡിറ്റോറിയലിനെ പ്രശംസിച്ച് മെഡിക്കല്‍ രംഗം

‘യൂ ട്യൂബില്‍ വായാടിത്തം, ക്ലിനിക്കല്‍ കൊള്ള’ എന്ന തലക്കെട്ടില്‍ ദീപിക എഴുതിയ എഡിറ്റോറിയലിനെ അഭിനന്ദിക്കുന്നു. മറ്റു പ്രശസ്ത പത്രങ്ങളൊന്നുംതന്നെ കാണിക്കാത്ത, സത്യം വിളിച്ചുപറയാന്‍ ദീപിക കാണിച്ച ഈ ധൈര്യം വിലമതിക്കേണ്ടതാണ്. തുടര്‍ന്നു വായിക്കുക.

‘യൂ ട്യൂബില്‍ വായാടിത്തം, ക്ലിനിക്കല്‍ കൊള്ള’ – ഇത് കഴിഞ്ഞ വ്യാഴാഴ്ച, അതായത് ഏപ്രില്‍ നാലാം തീയതിയിലെ ദീപിക പത്രത്തിന്റെ എഡിറ്റോറിയലിന്റെ തലക്കെട്ടാണ്. ഇതിന്റെ പ്രാധാന്യം വിശദീകരിക്കുന്നതിനു മുന്‍പ് ദീപിക പത്രത്തിനും അതുപോലെ ഈ സത്യം വിളിച്ചുപറയാന്‍ ധൈര്യം കാണിച്ച എഡിറ്റോറില്‍ അംഗങ്ങള്‍ക്കും മാനേജ്‌മെന്റിനും എന്റെ വ്യക്തിപരമായ പേരിലും മെഡിക്കല്‍ ഫ്രറ്റെണിറ്റിയുടെ പേരിലും ഒരു ബിഗ് സല്യൂട്ട് ഞാന്‍ നല്‍കുകയാണ്.

മറ്റു പ്രശസ്ത പത്രങ്ങളൊന്നുംതന്നെ കാണിക്കാത്ത, സത്യം വിളിച്ചുപറയാന്‍ ദീപിക കാണിച്ച ഈ ധൈര്യം വിലമതിക്കേണ്ടതാണ്. മാധ്യമരംഗത്ത് ഓരോരുത്തരും നല്‍കുന്ന പരസ്യത്തിന്റെ തോതനുസരിച്ച് അവര്‍ക്കുള്ള പ്രൊമോഷന്‍ നല്‍കുകയും അതുപോലെ തന്നെ വായനക്കാര്‍ക്ക് ഇക്കിളി പരത്തുന്ന വാര്‍ത്തകള്‍ നല്‍കി സര്‍ക്കുലേഷന്‍ കൂട്ടുക എന്ന ലക്ഷ്യം മാത്രമായി മാധ്യമപ്രവര്‍ത്തനം നടത്തുന്ന മറ്റു മാധ്യമങ്ങള്‍ക്ക് ദീപിക ഒരു മാതൃകയായി മാറുമെന്നും ഞാന്‍ വിശ്വസിക്കുകയാണ്.

ദീപിക തെളിച്ച ഈ വഴി പിന്തുടര്‍ന്ന് പല മാധ്യമപ്രവര്‍ത്തകരും ഇന്ന് സത്യം മാത്രം പറയുന്ന, പോസിറ്റീവ് ന്യൂസ് മാത്രം നല്‍കുന്ന ചില സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ട് എന്നുള്ളത് ഈ രംഗത്ത് വലിയ പ്രതീക്ഷ നല്‍കുന്നു.

ഇനി എഡിറ്റോറിയലിന്റെ ഉള്ളടക്കത്തിലേക്ക് ഒന്ന് എത്തിനോക്കാം. ആയുര്‍വേദ ഉല്പന്നങ്ങളുടെ പരസ്യങ്ങളുമായി ബന്ധപ്പെട്ട കേസില്‍ രാംദേവിനും പതഞ്ജലി ഗ്രൂപ്പ് എം.ഡി. ആചാര്യ ബാലകൃഷ്ണനും സുപ്രീം കോടതി നല്‍കിയ മുന്നറിയിപ്പ് കേരളത്തിന്റെ, അതായത് കേരള സര്‍ക്കാരിന്റെയും കണ്ണുതുറപ്പിക്കണമെന്നാണ് ഈ എഡിറ്റോറിയലൂടെ ഉദ്ദേശിക്കുന്നത്.

അലോപ്പതി ചികിത്സാരംഗത്തെ പരിമിതികളെ ഊതിപെരുപ്പിച്ചും അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ഉന്നയിച്ചും ആള്‍ക്കാരുടെ പണം തട്ടുന്നവര്‍ക്ക് സഹായമായി മാറുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയാണിതെന്ന് ദീപിക ചൂണ്ടിക്കാണിക്കുന്നു. ജനങ്ങളുടെ പണവും ആരോഗ്യവും നശിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന സര്‍ക്കാരുകള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ കോടതിവിധി.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് ഇതിനെതിരെ കോടതിയെ സമീപിച്ചത്. ഇതില്‍ കഴമ്പുണ്ടെന്ന് കോടതി തിരിച്ചറിഞ്ഞപ്പോള്‍, രാംദേവ് അതിനെതിരെ പത്രസമ്മേളനം നടത്തി ന്യായീകരിച്ചു. ഭരണത്തിലുള്ളവര്‍ തനിക്കു പിന്നിലുണ്ട് എന്ന ധൈര്യമായിരിക്കാം ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അതിനെതിരെ സുപ്രീം കോടതി രൂക്ഷമായി പ്രതികരിക്കുകയും കേന്ദ്രഗവണ്മെന്റ് എന്തുചെയ്യുകയാണ് എന്ന് ചോദിക്കുകയും ചെയ്യുകയുണ്ടായി.

ഇതുപോലെ നിരവധി കഥകള്‍ നമ്മുടെ മുന്നിലുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ് ജേക്കബ് വടക്കാഞ്ചേരി എന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തത്. നിപ്പ വൈറസിനെതിരെയുള്ള വ്യാജപ്രചാരണത്തിനെതിരെയായിരുന്നു അത്. അതുപോലെ മോഹനന്‍ വൈദ്യനെ കൊറോണ സമയത്ത്. അങ്ങനെ ഒത്തിരി കാര്യങ്ങള്‍ നമുക്കു ചുറ്റുമുണ്ട്.

അതുപോലെതന്നെ മറ്റൊരു കൂട്ടരാണ് ഇപ്പോള്‍ വന്നിറങ്ങിയിരിക്കുന്നത്. നാച്യുറോപ്പതി എന്നുപറഞ്ഞ്, യോഗയിലുള്ള ഡിഗ്രി വച്ചിട്ട്, അവര്‍ ‘ഡോക്ടര്‍’ എന്ന ലേബല്‍ കൂട്ടിച്ചേര്‍ത്ത്, ലോകത്തുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും ആധികാരികമാണ് എന്ന രീതിയില്‍ കാര്യങ്ങള്‍ പറയുന്നു. യുട്യൂബിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും ചില ആശയങ്ങള്‍ വിളിച്ചുപറയുകയും അവസാനം അവര്‍ പറയുന്നതാണ് ശരി എന്ന് സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു. ഇവര്‍ പഠിച്ചിരിക്കുന്നത് യോഗ ആണ്. എന്നിട്ട് അവര്‍ ലൈഫ് സ്‌റ്റൈല്‍ ഫിസിഷ്യന്‍ എന്നുപറഞ്ഞ് ആധുനിക മെഡിക്കല്‍ സയന്‍സിലെ ആന്റിബയോട്ടിക്‌സിനെക്കുറിച്ചും ഗ്‌ളൂക്കോസിനെക്കുറിച്ചും അബദ്ധങ്ങള്‍ പറഞ്ഞു പിടിപ്പിക്കുന്നു.

അങ്ങനെ ആള്‍ക്കാരെ പറ്റിച്ച്, അവരുടെ ക്ലിനിക്കല്‍ എത്തിക്കുന്നതില്‍ വിജയിക്കുന്നു. പിന്നീട് ചികിത്സയ്ക്കായി വളരെയധികം തുക വാങ്ങിക്കുകയും അവരുടേതായ ചികിത്സകള്‍ നടത്തുകയും ചെയ്യും. അവസാനം ഈ പറ്റിപ്പിനു വിധേയമാകുന്നവര്‍ അവരുടെ രോഗം മാറാതെ മരണത്തിനു കീഴടങ്ങുമ്പോള്‍ മാത്രമാണ് ഇതിലെ തട്ടിപ്പ് രോഗിയുടെ കൂടെയുള്ളവര്‍ക്കു മനസ്സിലാകുന്നത്. പറ്റിയ അമളി ഓര്‍ത്ത് പലരും ഇത് പുറത്തുപറയുകയും ചെയ്യാറില്ല.

ഇങ്ങനെയുള്ള ഈ കാര്യങ്ങള്‍ വിളിച്ചുപറയുകയും ഇത് പുറത്തുകൊണ്ടുവരികയും ചെയ്ത ദീപികയ്ക്ക് എല്ലാവിധ അഭിനന്ദങ്ങളും ഒരിക്കല്‍ക്കൂടി അറിയിച്ചുകൊള്ളുന്നു.

ഡോ. ജോജോ ജോസഫ്
കാന്‍സര്‍ സര്‍ജന്‍
കാരിത്താസ് ഹോസ്പിറ്റല്‍

Latest News