യുക്രൈനില്‍നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ തുടര്‍പഠനത്തിന് പ്രവേശനം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അത്തരം പ്രവേശനങ്ങള്‍ ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ തുടര്‍പഠനത്തിന് അനുമതി നല്‍കണമെന്നാണ് യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ ആവശ്യം. ഇതിനെയാണ് കേന്ദ്രം സുപ്രീം കോടതിയില്‍ എതിര്‍ത്തത്. ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ തുടര്‍പഠനത്തിനായി പ്രവേശനം നല്‍കാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥികള്‍ യുക്രൈനിലേക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് പോകാന്‍ കാരണം ഇന്ത്യയിലെ മെഡിക്കല്‍ പ്രവേശനത്തിന് ആവശ്യമായ മെറിറ്റ് ഇല്ലാത്തതുകൊണ്ടാണ്. അത്തരം വിദ്യാര്‍ഥികളെ ഇന്ത്യയിലെ കോളേജുകളില്‍ തുടരാന്‍ അനുവദിച്ചാല്‍ അത് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടുന്നു.
വിദേശസര്‍വ്വകലാശാലകളില്‍ പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ ഏതെങ്കിലും മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനത്തിലോ സര്‍വ്വകലാശാലയിലോ പഠനം തുടരാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാറും നേരത്തെ ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു.