Sunday, November 24, 2024

‘മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ കീ പരീക്ഷ എഴുതാന്‍ അനുമതി നല്‍കും’: യുക്രൈന്‍

റഷ്യ-യുക്രൈന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തന്നെ കീ പരീക്ഷ എഴുതാൻ അനുമതി നൽകുമെന്നു യുക്രൈന്‍. യുക്രൈന്‍ വിദേശകാര്യ സഹ മന്ത്രി എമിൻ ധപറോവയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സിൽ (ഐസിഡബ്ല്യുഎ) പങ്കെടുക്കുന്നതിനായി നാലു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ എത്തിയതായിരുന്നു ധപറോവ.

2022 ഫെബ്രുവരിയില്‍ റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആരംഭിക്കുമ്പോള്‍ ഏകദേശം 19,000 ഇന്ത്യൻ വിദ്യാർത്ഥികളാണ് യുക്രൈനില്‍ പഠിച്ചിരുന്നത്. ഇവരില്‍ ഭൂരിഭാഗവും യുദ്ധത്തെ തുടര്‍ന്നു നാട്ടിലേക്ക് മടങ്ങിയിരുന്നു. യുദ്ധം തുടരുന്നതിനാല്‍ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും യുക്രൈനിലേക്ക് മടങ്ങാന്‍ കഴിയാതെ പഠനം മുടങ്ങിയ അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് യുക്രൈന്‍റെ ഇടപെടല്‍.

‘ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളുടെ വിഷയത്തിൽ, വിദേശ മെഡിക്കൽ വിദ്യാർത്ഥികളെ അവരുടെ രാജ്യത്തെ ഏകീകൃത സംസ്ഥാന യോഗ്യതാ പരീക്ഷ എഴുതാൻ യുക്രൈന്‍ അനുവദിക്കും’ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പറഞ്ഞു. കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓൺലൈൻ ക്ലാസുകളിൽ ചേരാനും ഏകീകൃത സംസ്ഥാന യോഗ്യതാ പരീക്ഷയിൽ പങ്കെടുക്കാനുമുള്ള സാഹചര്യമാണ് തെളിയുന്നത്.

അതേസമയം, ധപറോവയുടെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം സുഗമമാക്കുമെന്നാണ് പ്രതീക്ഷ. വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖികയും ധപറോവയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി-ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് വിവരം.

Latest News