ഭൂമിയിൽ ഒരു മനുഷ്യന് അനുവദിക്കപ്പെട്ടിരിക്കുന്ന കാലത്തോളം അവന്റെ ആരോഗ്യസംരക്ഷണത്തിന്റെ ഉത്തരവാദിത്വം പേറുന്ന മാലാഖാമാരാണ് ഡോക്ടർമാരും നേഴ്സ്മാരും. ഈ ഭൂമിയിലെ മാലാഖമാർ! ആ പേര് ഊട്ടിയുറപ്പിക്കുന്ന ഒരു സംഭവമാണ് നോർത്ത് സ്‌പെയിനിലെ ബർഗോസിൽ നിന്നും എത്തുന്നത്. ഒരു രണ്ടു വയസുകാരന്റെ ജീവൻ രക്ഷിക്കുന്നതിനായി ബർഗോസിൽ നിന്നും മെഡിക്കൽ സംഘം റോഡ് മാർഗ്ഗവും വായുമാർഗ്ഗവുമായി സഞ്ചരിച്ചത് അഞ്ഞൂറിലധികം മൈലുകൾ. ഒരു പിഞ്ചുബാലന്റെ ജീവൻ രക്ഷിക്കാനായി ഈ മെഡിക്കൽ സംഘം നടത്തിയ യാത്രയുടെ വഴികളെപ്പറ്റി വായിച്ചറിയാം…
ശ്വാസകോശവും ഹൃദയവും തകരാറിലായ അവസ്ഥയിലായിരുന്നു രണ്ടു വയസു മാത്രം പ്രായമുള്ള പാബ്ലോ എന്ന കുട്ടി. എക്‌സ്‌ട്രാ കോർപോറിയൽ മെംബ്രൺ ഓക്‌സിജനേഷൻ എന്ന ഉപകരണം അവന്റെ ഈ അവസ്ഥയിൽ ആവശ്യമായി വന്നു. എന്നാൽ പാബ്ലോ അഡ്മിറ്റായിരുന്ന ആശുപത്രിയിൽ ആ ഉപകരണം ഇല്ലായിരുന്നു. ഇതേ സമയം കുട്ടിയുടെ നില ഗുരുതരമായ അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയായിരുന്നു. എത്രയും വേഗം ഈ സംവിധാനമുള്ള ആശുപത്രിയിലേക്ക് അവനെ മാറ്റണം; അത് ഉള്ളതോ, മൈലുകൾക്കപ്പുറമുള്ള മാഡ്രിഡിലും.
ഈ സമയം ദൈവദൂതനെപ്പോലെ പാബ്ലോക്കു മുന്നിൽ ഒരു പീഡിയാട്രീഷ്യൻ അവതരിച്ചു. മാഡ്രിഡിലെ (സെൻട്രൽ സ്‌പെയിനിൽ) പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ ഫിസിഷ്യനായ സിൽവിയ ബെൽഡ ആയിരുന്നു അദ്ദേഹം. കുഞ്ഞിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ അദ്ദേഹം എത്രയും വേഗം വിദഗ്ധചികിത്സ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾക്കായുള്ള നേതൃത്വം ഏറ്റെടുത്തു. ഒരു മണിക്കൂറിനുള്ളിൽ മറ്റൊരു പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ ഫിസിഷ്യനും ഒരു ഹാർട്ട് സർജനും മൂന്ന് നഴ്‌സുമാരും ചേർന്ന് കുട്ടിയെ മാഡ്രിഡിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ദൗത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
കുട്ടിയുടെ ജീവൻ രക്ഷിക്കാൻ യാത്ര ചെയ്യാൻ സന്നദ്ധരായ സ്‌പെയിനിലെമ്പാടുമുള്ള ആരോഗ്യസംരക്ഷണ വിദഗ്ധരെ ബന്ധിപ്പിക്കുന്നതിന് സിൽവിയ ശ്രമിച്ചു. മറ്റു സംവിധാനങ്ങളുടെ സഹായമൊന്നും ഇല്ലാതിരിക്കെ, കുട്ടിയെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള നേതൃത്വം ആരോഗ്യപ്രവർത്തകർ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു.
മോശമായിക്കൊണ്ടിരുന്ന ആരോഗ്യം
ഈ നടപടികളൊക്കെയും നടക്കുന്ന അവസരത്തിൽ പാബ്ലോയുടെ ആരോഗ്യം മോശമാകാൻ തുടങ്ങി. അവന്റെ ശ്വാസകോശവും ഹൃദയവും പരാജയപ്പെടാൻ തുടങ്ങിയിരുന്നു, പാബ്ലോയെ ജീവനോടെ നിലനിർത്താൻ അവനെ യന്ത്രവുമായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമായി വന്നു. ഈ സമയത്തിനുള്ളിൽ പാബ്ലോയിൽ ശ്വാസകോശ അണുബാധയും ആരംഭിച്ചു കഴിഞ്ഞിരുന്നു. അതോടെ സ്ഥിതി കൂടുതൽ സങ്കീർണ്ണമായി. അവനെ ECMO മെഷീനുമായി ബന്ധിപ്പിക്കുക എന്നതു മാത്രമായിരുന്നു ഏക പോംവഴി. കൃത്യസമയത്ത് കുട്ടിയെ ആ സംവിധാനമുള്ള ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ ഉറപ്പായും മരണം സംഭവിക്കും. അതിനാൽ കാര്യങ്ങൾ കൂടുതൽ അപകടം പിടിച്ചതും വേഗത്തിൽ ആക്കേണ്ടതും വന്നു.
മാഡ്രിഡിലെ സിൽവിയയുടെ ഹോസ്പിറ്റലിൽ മെഷീൻ ലഭ്യമായിരുന്നു; പക്ഷേ, സ്പെഷ്യലിസ്റ്റുകളില്ല. അവൾ മാഡ്രിഡിലെ മറ്റ് രണ്ട് ആശുപത്രികളുമായി ബന്ധപ്പെട്ടെങ്കിലും അവയും ലഭ്യമായില്ല. പലരും റിസ്ക് ഏറ്റെടുക്കാൻ തയ്യാറാകാതെ നിന്നു. ഒടുവിൽ സ്പെയിനിന്റെ തെക്കൻ തീരത്തുള്ള മലാഗയിൽ നിന്ന് സ്പെഷ്യലിസ്റ്റുകൾ എത്തുമെന്ന് ഉറപ്പ് ലഭിച്ചു. എന്നാൽ ഇതെല്ലാം ചെയ്യുന്നതിനായി ഏകദേശം ഒരു മണിക്കൂർ മാത്രമായിരുന്നു അവരുടെ മുന്നിലുണ്ടായിരുന്നത്.
അർപ്പണബോധത്തോടെ പാബ്ലോയ്‌ക്കൊപ്പം നിന്ന മെഡിക്കൽ സംഘം
“രാജ്യം മുഴുവൻ കടന്ന് യാത്ര ചെയ്യേണ്ടിവന്നിട്ടും, മലാഗ ടീം ഒരു നിമിഷം പോലും മടിച്ചില്ല. മാഡ്രിഡിലേക്കുള്ള ടിക്കറ്റുകൾ വാങ്ങാൻ സ്വന്തം പോക്കറ്റിൽ നിന്നും അവർ പണമെടുത്തു. തലസ്ഥാനത്തെത്താൻ, ലഭ്യമായ ആദ്യത്തെ വിമാനത്തിൽ കയറി അവർ. റൺവേയിൽ ഡോക്ടർമാർക്കായി ആംബുലൻസ് കാത്തുനിന്നു. വിമാനയാത്ര അവസാനിച്ചതോടെ റോഡുമാർഗ്ഗമുള്ള യാത്ര തുടങ്ങി. ഏകദേശം 160 മൈൽ ദൂരം! എത്രയധികം ദൂരം സഞ്ചരിക്കുമ്പോഴും അവർക്കു മുന്നിൽ മരണത്തോടു മല്ലിടുന്ന രണ്ടു വയസുകാരന്റെ മുഖമായിരുന്നു. ഡോക്ടർമാരെ കൃത്യസമയത്ത് എത്തിക്കുന്നതിനായി ആരോഗ്യപ്രവർത്തകരും ഒപ്പം ജനങ്ങളും കൈകോർത്തു.
ഡോക്ടർമാർ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണത്തിന്റെ വക്കിലായിരുന്നു പാബ്ലോ. ജീവിതത്തിനും മരണത്തിനുമിടയിലൂടെ ഒരു തൂക്കുപാലത്തിലെന്നോണം സഞ്ചരിച്ച രണ്ടു വയസുകാരൻ. അതിസങ്കീർണ്ണമായ ശസ്ത്രക്രിയ. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ, ഉപകരണം വിജയകരമായി കുട്ടിയിൽ ഘടിപ്പിച്ചു. അവന്റെ ഹൃദയവും ശ്വാസകോശവും പ്രവർത്തിച്ചുതുടങ്ങി. പല മുഖങ്ങളിലും അത് ആശ്വാസം നിറച്ചു; ഒപ്പം നന്ദിയും കടപ്പാടും.
മൈലുകൾ താണ്ടി എത്തിയ ഡോക്ടർമാർ, കൃത്യസമയത് സഹായവുമായി എത്തിയ ഡോ. സിൽവിയ, നേഴ്‌സുമാർ, ഡ്രൈവർമാർ, മറ്റു ആളുകൾ… പാബ്ലോയുടെ ജീവിതത്തിലേക്കുള്ള മടക്കയാത്രയിൽ നന്ദിയോടെ കൂപ്പുകൈകളുമായി ഇവർക്ക് മുന്നിൽ ആ മാതാപിതാക്കൾ നിന്നു.