800 വർഷങ്ങൾക്കുമുമ്പ് ഒരു മധ്യകാല ഗുരു കൈയെഴുത്തിലൂടെ പകർത്തിയ അമൂല്യ ബൈബിൾ, അത് സൃഷ്ടിക്കപ്പെട്ട നഗരത്തിൽ ആദ്യമായി പൊതുപ്രദർശനത്തിനു വച്ചതിനുശേഷം തിരികെ ഇംഗ്ളണ്ടിലെ സാലിസ്ബറി കത്തീഡ്രലിൽ തിരികെയെത്തിച്ചു.
സരം മാസ്റ്റർ ബൈബിൾ എന്നറിയപ്പെടുന്ന ഈ ബൈബിൾ ഇപ്പോൾ സാലിസ്ബറി കത്തീഡ്രലിലാണുള്ളത്. 17 സെന്റീമീറ്റർ ഉയരമുള്ള അതിന്റെ പേജുകളിൽ ഉള്ളത് ബൈബിളിന്റെ ലാറ്റിൻ കൈയെഴുത്തുപ്രതിയാണ്. സരം മാസ്റ്റർ ബൈബിൾ എന്നാൽ ചെറിയ, കൊണ്ടുനടക്കാവുന്ന ബൈബിളിന്റെ ആദ്യകാല ഇംഗ്ലീഷ് ഉദാഹരണമാണ്. നേർത്ത കടലാസിൽ നിർമ്മിച്ചതും സങ്കീർണ്ണമായ ആദ്യാക്ഷരങ്ങൾ കൊണ്ട് അലങ്കരിച്ചതുമാണ് ഇതിലെ എഴുത്തുകൾ. അതായത്, ബൈബിളിലെ ഓരോ പുസ്തകത്തിന്റെയും ആദ്യാക്ഷരം ആഡംബരപൂർവം അലങ്കരിച്ചിരിക്കുന്നു. ചിലയിടങ്ങളിൽ ചരിത്രപരമായ രംഗങ്ങളും അടങ്ങിയിരിക്കുന്നു. ബൈബിൾ സംഭവങ്ങളുടെ വിശദമായ ചിത്രീകരണങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. 1240 കളിലും 1250 കളിലും സജീവമായിരുന്ന ഇംഗ്ലണ്ടിലെ ആദ്യകാല പ്രൊഫഷണൽ പുസ്തക കലാകാരന്മാരിൽ ഒരാളായ സരം മാസ്റ്ററുടെ സൃഷ്ടിയാണ് ഈ കൈയെഴുത്തുപ്രതി. അദ്ദേഹത്തിന്റെ ആറ് കൃതികൾമാത്രമേ ഇന്ന് നിലനിൽക്കുന്നുള്ളൂ. ഈ ബൈബിൾ ഇപ്പോൾ ഇംഗ്ലണ്ടിലെ വൈൽഷെയറിലെ സാലിസ്ബറി കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്ന ഒരേയൊരു ബൈബിളാണ്.
സാലിസ്ബറി സൃഷ്ടിക്കപ്പെട്ട സമയത്ത്, മധ്യകാല പഠനത്തിന്റെയും കലാമികവിന്റെയും കേന്ദ്രമായിരുന്നു. മധ്യകാല കൈയെഴുത്തുപ്രതികളിലെ പ്രമുഖവിദഗ്ധനായ ക്രിസ്റ്റഫർ ഡി ഹാമലിന്റെ അഭിപ്രായത്തിൽ, ലണ്ടനു മുൻപുപോലും ഇംഗ്ലണ്ടിലെ ആദ്യത്തെ പ്രൊഫഷണൽ പുസ്തക പ്രകാശകരുടെ കേന്ദ്രമായിരുന്നു സാലിസ്ബറി, ഓക്സ്ഫോർഡ് എന്നിവ. മാർച്ച് 20 വരെയായിരുന്നു ഇതിന്റെ പ്രദർശനം നടന്നത്. ബൈബിളിനെ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള പദ്ധതികളും പുരോഗമിക്കുന്നുണ്ട്.