മേഘാലയ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് അനുമതി നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍. റാലി നിശ്ചയിച്ച സ്റ്റേഡിയത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നയിക്കുന്ന മേഘാലയയില്‍ ബിജെപി, സര്‍ക്കാരിന്റെ ഭാഗമാണെങ്കിലും തിരഞ്ഞെടുപ്പില്‍ രണ്ട് പാര്‍ട്ടികളും ഇരു ചേരികളിലാണ്.
ഫെബ്രുവരി 27 നു നടക്കുന്ന തിരഞ്ഞെടുപ്പിനെ അഭിസംബോധന ചെയ്യാന്‍ ഈ മാസം 24 നാണ് സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിനായി ഗാരോ ഹില്‍സ് സൗത്ത് തുറയിലെ പിഎ. സാങ്മ സ്റ്റേഡിയത്തിന് ബിജെപി അനുമതി ആവശ്യപ്പെടുകയായിരുന്നു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ മണ്ഡലം കൂടിയാണ് ഇത്. എന്നാല്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ കായികവകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു.
നേരത്തെ, ബിജെപി അധികാരത്തിലെത്തിയാല്‍ ഈ സര്‍ക്കാരിന്റെ അഴിമതികളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ റാലിക്ക് അനുമതി നിഷേധിച്ചതെന്നാണ് സര്‍ക്കാരിനെതിരെ ബിജെപി ഉയര്‍ത്തുന്ന ആക്ഷേപം. സമാനമായ ആരോപണവുമായി തൃണമുല്‍ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയുടെ ഹെലികോപ്റ്ററിനു തുടര്‍ച്ചയായി അനുമതി നിഷേധിക്കുകയാണെന്നാണ് തൃണമുലിന്റെ ആരോപണം.