ഹമാസ് ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികം അനുസ്മരിക്കുന്ന ചടങ്ങിൽ ആയിരക്കണക്കിനാളുകൾ ഇസ്രായേലിലെ ടെൽ അവീവിലെ യാർക്കോൺ പാർക്കിൽ ഒത്തുകൂടി. ദുഃഖാചരണത്തിന്, രാഷ്ട്രീയത്തിനപ്പുറം ഒരു ഇടം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ദുഃഖിതരായ കുടുംബാംഗങ്ങൾ ഇത്തരമൊരു കൂട്ടായ്മ സംഘടിപ്പിച്ചത്. കൊല്ലപ്പെട്ട ബന്ദിയായ അലോൺ ഷിംറിസിന്റെ സഹോദരൻ ജോനാഥൻ ഷംരിസാണ് ചടങ്ങ് സംഘടിപ്പിക്കാൻ മുൻകൈയെടുത്തത്.
വികാരനിർഭരമായ ചടങ്ങിൽ തത്സമയ പരിപാടികൾ, ദുഃഖിതരായ കുടുംബാംഗങ്ങളിൽനിന്നുള്ള ഓർമ്മ പങ്കുവയ്ക്കൽ, ഇരകൾക്കായി ഒരു നിമിഷം മൗനപ്രാർഥന എന്നിവ ഉണ്ടായിരുന്നു. ഗലി അറ്റാരി, റീത്ത, അവീവ് ഗെഫെൻ തുടങ്ങിയ കലാകാരന്മാർ വേദിയിൽ കയറിയപ്പോൾ കാണികളുടെ ഹൃദയം മൃദുവായി, സദസ്സ് പലപ്പോഴും കണ്ണീരോടെ പാടി.
ധീരതയുടെയും നഷ്ടത്തിന്റെയും ഹൃദയഭേദകമായ കഥകൾ നിറഞ്ഞ സായാഹ്നത്തിൽ ഒരു വർഷംകൊണ്ട് ഒരു ജനത അനുഭവിച്ച കഷ്ടതകളും കണ്ണീരും പരസ്പരം പങ്കുവയ്ക്കപ്പെട്ടു. നോവ ഡെസേർട്ട് റേവിൽവച്ച് ഭർത്താവ് മോറിനെ നഷ്ടപ്പെട്ട അനുഭവം നവവധുവായ യുവാൽ ട്രാബെൽസി പങ്കുവച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട 16 വനിതാ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഉൾപ്പെടെ, കൂട്ടായ്മ തങ്ങളുടെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെ ആദരിച്ചു.
ഒക്‌ടോബർ ഏഴിലെ സംഭവങ്ങളിൽ ഉത്തരവാദിത്വപൂർണ്ണമായ അന്വേഷണം വേണമെന്ന് ദുഃഖിതരായ മാതാപിതാക്കൾ ആവശ്യപ്പെട്ടു. മകൻ അൽറോയ്‌യെ നഷ്ടപ്പെട്ട റാഫി ബെൻ ഷിട്രിറ്റ്, ഐക്യത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും പ്രാധാന്യത്തിന് ഊന്നൽ നൽകി. നവീകരിക്കപ്പെട്ടതും ഏകീകൃതവുമായ ഇസ്രയേലിസമൂഹത്തിൽ വിശ്വസിക്കുന്ന ഒരു പുതിയ തലമുറ അവശിഷ്ടങ്ങളിൽനിന്ന് ഉയിർത്തെഴുന്നേൽക്കുമെന്ന ജോനാഥൻ ഷംരിസിന്റെ പ്രസംഗത്തോടെ ചടങ്ങ് സമാപിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ നിറഞ്ഞ കൈയടിയോടെയും പ്രോത്സാഹനത്തോടെയുമാണ് മറ്റുള്ളവർ ഏറ്റെടുത്തത്.