കേരള കലാമണ്ഡലത്തില്‍ ആര്‍ത്തവ അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥി യൂണിയന്റെ അപേക്ഷയിലാണ് നടപടി. ബിരുദ ബിരുദാനന്തര ഗവേഷണ കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധി നല്‍കുന്നത്. ആര്‍ത്തവ അവധി ഉള്‍പ്പെടെ വിദ്യാര്‍ഥിനികള്‍ക്ക് വേണ്ട ഹാജര്‍ 73 ശതമാനമായി കുറച്ചു.
ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ,ബൈജൂസ്, സ്വിഗ്ഗി,മാഗ്സ്റ്റര്‍, ഇന്‍ഡസ്ട്രി, എആര്‍സി, ഫ്‌ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങള്‍ ശമ്പളത്തോട് കൂടിയ ആര്‍ത്തവ അവധി സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ട്. ആര്‍ത്തവ അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബിഹാറാണ്.
നേരത്തെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്കും ആര്‍ത്തവ അവധി അനുവദിച്ചിരുന്നു. ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധിയാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. സര്‍വകലാശാലയിലെ എസ്.എഫ്‌ഐ യൂണിറ്റ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രജിസ്ട്രാറുടെ തീരുമാനം.