ശരീരത്തിന് അപകടം സംഭവിക്കുമ്പോഴോ, പരിക്കുകൾ പറ്റുമ്പോഴോ പ്രാഥമിക ശുശ്രൂഷ നൽകുന്നതുപോലെ തന്നെ മനസ്സിനേൽക്കുന്ന മുറിവിനും പെട്ടെന്നുളള പരിചരണവും ചികിത്സയും ലഭ്യമാക്കേണ്ടതാണ്.
ദുരന്തങ്ങളും അപകടങ്ങളുമുണ്ടാകുന്ന സന്ദർഭങ്ങളിൽ ഇരകളാകുന്നവർക്ക് പിന്തുണ നൽകുക എന്നത് സഹജീവികളുടെ ധർമമാണ്. ഇത്തരത്തിലുളള സഹായം നൽകുന്നതിനുളള ശാസ്ത്രീയരീതിയാണ് മനഃശാസ്ത്ര പ്രഥമ ശുശ്രൂഷ അഥവാ സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ്.
2018 ലെ മഹാപ്രളയകാലത്തും കോറോണ സംഹാരതാണ്ഡവമാടിയ നാളുകളിലുമാണ് മലയാളി ഈ വിഷയം കൂടുതലായി ചർച്ച ചെയ്യാൻ തുടങ്ങിയത്. അതുകൊണ്ടുതന്നെ വയ നാട്ടിലെ ദുരന്തഭൂമിയിൽ മനഃശാസ്ത്രപരമായ പ്രഥമ ശുശ്രൂഷ ഉറപ്പുവരുത്താൻ നമുക്ക് കഴിഞ്ഞു.
അപകടങ്ങൾ, യുദ്ധം, പ്രകൃതിദുരന്തങ്ങൾ, പീഡനത്തിനിരയാകുന്നവർ, ഉറ്റവരുടെ മരണം തുടങ്ങി കടുത്ത മാനസികവിക്ഷോഭമുണ്ടാകുന്ന സാഹചര്യങ്ങളിൽ സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ് അനിവാര്യമാകുന്നു.
അപകടത്തിൽപ്പെട്ട ഒരാളെ സാന്ത്വനിപ്പിക്കാൻ ഒരു മനഃശാസ്ത്രജ്ഞനോ, മനഃശാസ്ത്ര മേഖലയിൽ അറിവുളള ഒരാളോ വേണമെന്ന് നിർബന്ധമില്ല, മറിച്ച് മനുഷ്യത്വവും ‘എന്തു ചെയ്യരുത്’ എന്ന വിവേചനബോധവുമുള്ള ഏതൊരാൾക്കും അതിനു സാധിക്കും.
Look, Listen, Link എന്നീ മൂന്ന് കാര്യങ്ങൾ മനഃശാസ്ത്ര പ്രഥമ ശുശ്രൂഷയുടെ അവിഭാജ്യഘടകങ്ങളാണ്. കൃത്യമായി കാര്യങ്ങളെ നോക്കിക്കാണുകയും പ്രതിസന്ധിയിലായവരെ കേൾക്കുകയും അവർക്ക് തുടർസേവനങ്ങൾ ഉറപ്പുവരുത്തിക്കൊണ്ട് അവരെ ഒരു സാമൂഹ്യവലയവുമായി ബന്ധിപ്പിക്കുകയുമാണ് ഇവിടെ സംഭവിക്കുക.
നമ്മൾ സഹായം നൽകുന്നവർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്ന പ്രവൃത്തികൾ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻപാടില്ല. ശാരീരികമോ, മാനസികമോ ആയ മുറിവുകൾ വീണ്ടും ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കിക്കൊണ്ടാവണം നമ്മുടെ ഒരോ വാക്കും പ്രവർത്തിയും. സഹായം ലഭിക്കുന്ന വ്യക്തിയുടെ ആത്മാഭിമാനം കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അവരുടെ സാമൂഹികവും സാംസ്കാരികവുമായ പ്രത്യേകതകൾ കൃത്യമായി മനസ്സിലാക്കി, വ്യക്തിയുടെ അവകാശങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ടുവേണം നമ്മൾ പ്രവർത്തിക്കാൻ. മറ്റുള്ളവരെ സഹായിക്കാൻ തുടങ്ങുംമുമ്പേ, ഉണ്ടായ സംഭവത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ തേടുന്നത് ആവശ്യമാണ്. അവർക്കുണ്ടായ പ്രതിസന്ധി എന്താണെന്ന് കൃത്യമായി മനസ്സിലാക്കിവയ്ക്കുക. എന്തൊക്കെ സേവനങ്ങൾ നൽകാൻ സാധിക്കുമെന്നും ഇവ ലഭ്യമാക്കാനുള്ള വഴികൾ എന്താണെന്നും നാം അറിഞ്ഞിരിക്കണം.
വ്യക്തിയുടെ സുരക്ഷ ഉറപ്പാക്കുകയും അടിസ്ഥാനപരമായ ആവശ്യങ്ങൾ ഒരുക്കുകയും തുടർസേവനങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തി അതിനുള്ള മാർഗങ്ങൾ ഒരുക്കുകയും ചെയ്തതിനുശേഷം നമ്മുടെ സേവനം അവസാനിപ്പിക്കാം. സാമൂഹ്യ പ്രതിബന്ധതയുള്ള ഏതൊരാൾക്കും ഇത്തരം ചെറിയ പ്രവർത്തനങ്ങൾവഴി സഹജീവികളിലേക്ക് ഇറങ്ങിച്ചെല്ലാനും അവർക്ക് കരുതലാകാനും കഴിയും.
(ഫീൽഡ് വർക്കർമാർക്കായി ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ് ഗൈഡിനെ അവലംബിച്ച് ഈ ലേഖനം തയ്യാറാക്കിയത് പരിശീലകനും കൗൺസിലറും സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപകനുമായ ഡോ. സെമിച്ചൻ ജോസഫ് ആണ്)