ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ഫിഫയുടെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ താരത്തിനുള്ള പുരസ്‌കാരവും ലയണൽ മെസ്സിക്ക്. ഫ്രഞ്ച് യുവതാരം കിലിയന്‍ എംബാപ്പെയേയും കരീം ബെന്‍സേമയേയും പിന്നിലാക്കിയാണ് മെസ്സി പുരസ്കാരം സ്വന്തമാക്കിയത്. ഖത്തർ ലോകകപ്പിലെ മിന്നും പ്രകടനമാണ് താരത്തിന്റെ ഈ നേട്ടത്തിനു പിന്നില്‍.
ഫിഫയുടെ ബെസ്റ്റ് ഫുട്ബോള്‍ താരമെന്ന അംഗീകാരം രണ്ടാം തവണയാണ് മെസ്സി സ്വന്തമാക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം അർജന്റീനക്ക് ലോക ചാമ്പ്യൻപട്ടം നേടിക്കൊടുത്ത മെസ്സിയെ ലോകകപ്പിന്റെ മികച്ച താരമായും തെരഞ്ഞെടുത്തിരുന്നു. അർജന്റീന കോച്ച് ലയണൽ സ്‌കലോനിയെ മികച്ച പുരുഷ പരിശീലകനായും എമിലിയാനോ മാർട്ടിനെസിനെ (അർജന്റീന) മികച്ച പുരുഷ ഗോൾകീപ്പറായും ഫിഫ തിരഞ്ഞെടുത്തു.
മികച്ച ഗോളിനുള്ള പുസ്‌കാസ് അവാർഡ് പോളണ്ടിന്റെ മാർസീൻ ഒലെക്‌സിക്ക് ലഭിച്ചു. ഇംഗ്ലണ്ട് കോച്ച് സറീന വീഗ്‌മാനാണ് മികച്ച വനിതാ ടീം പരിശീലക. ആരാധകർക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് അർജന്റീനയാണ്. കഴിഞ്ഞ വർഷം ബാലൺ ദ ഓർ നേടിയ ബാഴ്‌സലോണയുടെ അലക്‌സിയ പുട്ടെല്ലസ് (സ്‌പെയിൻ) മികച്ച വനിതാ താരത്തിനുള്ള പുരസ്കാരവും ഇംഗ്ലണ്ടിന്റെ മേരി ഇയർപ്‌സ് മികച്ച വനിതാ ഗോൾകീപ്പർ ട്രോഫിയും സറീന വീഗ്‌മാൻ (ഇംഗ്ലണ്ട്) മികച്ച വനിതാ പരിശീലകയ്ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.