പ്രമുഖ മൈക്രോ ബ്ലോഗിംഗ് മാധ്യമമായ ട്വിറ്ററിന് വെല്ലുവിളി ഉയര്‍ത്തി ഫേസ്ബുക്ക് സ്ഥാപകൻ മാർക് സക്കർബർഗിന്റെ പുതിയ ആപ്. ‘ത്രെഡ്സ്’ എന്ന് അറിയപ്പെടുന്ന ആപ് ബുധനാഴ്ച പുലർച്ചെയാണ് ഗൂഗിൾ, ആപ്പിൾ ആപ് സ്റ്റോറുകളിൽ മെറ്റ അവതരിപ്പിച്ചത്. ഇത് ആരംഭിച്ച് ഏഴു മണിക്കൂറിനുള്ളിൽ ഒരു കോടി പേർ ഉപയോക്താക്കളായി ചേർന്നതായി സക്കർബർഗ് അവകാശപ്പെടുന്നു.
ട്രിറ്ററിനു സമാനമായ സവിശേഷതകളോടെയാണ് മാതൃകമ്പനിയായ മെറ്റ പുതിയ ആപ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ട്വിറ്ററിനെ അപേക്ഷിച്ച് 500 അക്ഷരങ്ങൾ വരെ പോസ്റ്റ് ചെയ്യാൻ ത്രെഡ്സ്നു കഴിയും. രണ്ടു മിനിറ്റ് 20 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോ ആണ് ട്വിറ്ററിലെങ്കില് ത്രെഡ്സില്‍ അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ വരെ അപ് ലോഡ് ചെയ്യാം. കൂടാതെ മെറ്റയുടെ തന്നെ സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാം വഴി പുതിയ ആപ് വെരിഫൈ ചെയ്യാനും സാധിക്കും. ട്വിറ്ററിലുള്ള നേരിട്ട് സന്ദേശമയക്കൽ, ട്രെൻഡിങ് സ്റ്റോറീസ്, ഹാഷ് ടാഗ് എന്നിവ ത്രെഡ്സിൽ ലഭ്യമല്ല. ഈ പരിമിതികള്‍ ഉണ്ടെങ്കിലും ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തശേഷം നടത്തിയ പരിഷ്കരണങ്ങളിൽ അതൃപ്തരായ ഉപയോക്താക്കളെ ത്രെഡ്സിന് സ്വാധിനിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, ത്രെഡ്സിന്റെ ലോഗോയുമായി ബന്ധപ്പെട്ട് പല വാദങ്ങളുമായി സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ രംഗത്തെത്തി. മലയാളം യുണീകോഡ് ലിപിയിലെ ‘ത്ര’യോടും ‘ക്ര’യോടും ത്രെഡ്സ് ലോഗോയ്ക്ക് ഏറെ സാമ്യമുണ്ടെന്നാണ് ചിലർ അഭിപ്രയപ്പെടുന്നത്. തമിഴിലെ ‘കു’ പോലെയാണ് ലോഗോ എന്ന് മറ്റു ചിലരും അവകാശപ്പെടുന്നു.