പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളുടെ സ്വകാര്യ ചിത്രങ്ങളും നഗ്നചിത്രങ്ങളും പ്രചരിക്കുന്നത് തടയുന്നതിന് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. ടേക്ക് ഡൗണ്‍ ടൂള്‍ എന്ന പുതിയ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിംഗ് ആന്‍ഡ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രന്‍ ആണ് ടൂള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും അവര്‍ പതിനെട്ട് വയസ് തികയുന്നതിന് മുമ്പ് എടുത്ത അര്‍ദ്ധ-നഗ്ന ചിത്രങ്ങളുള്‍പ്പെടെ ഈ സംവിധാനത്തിലൂടെ നീക്കം ചെയ്യാന്‍ സാധിക്കും. ഈ വര്‍ഷം തന്നെ ഹിന്ദി ഭാഷയില്‍ ടൂള്‍ ലഭ്യമാക്കും. ഉടന്‍ തന്നെ മറ്റ് ഭാഷകളിലും സേവനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
ചിത്രങ്ങളുടെയും വീഡിയോകളുടെയും ഹാഷ് വാല്യു ഉപയോഗിച്ചാണ് ഇവ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് കണ്ടെത്തുക. ഹാഷ് വാല്യു ഉപയോഗിച്ച് ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിനും ഭാവിയില്‍ അപ്ലോഡ് ചെയ്യുന്നതും പ്രചരിക്കുന്നതും തടയാന്‍ സാധിക്കും. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ മെറ്റ ആഗോള തലത്തില്‍ വികസിപ്പിച്ചു വരികയാണ്.
കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയൊരുക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിക്കണമെന്ന് മെറ്റയ്ക്ക് ഭരണതലത്തില്‍ നിന്ന് നിര്‍ദേശമുണ്ട്. ടേക്ക് ഇറ്റ് ഡൗണ്‍ കൂടാതെ സ്റ്റോപ്പ് എന്സിഐഐ ഒആര്‍ജി സേവനവും അനുവാദമില്ലാതെ സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് തടയുന്നതിനായി മെറ്റ പ്രയോജനപ്പെടുത്തുന്നുണ്ട്.