മെക്സിക്കോയിൽ പാസഞ്ചർ ബസ് ഹൈവേയിൽ നിന്ന് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ ഇന്ത്യക്കാരുൾപ്പടെ 18 പേർ മരിച്ചു. വ്യാഴാഴ്ച്ചയായിരുന്നു അപകടം നടന്നത്.
വടക്കൻ അതിർത്തി പട്ടണമായ ടിജുവാനയിലേക്കുള്ള യാത്രാമധ്യേയാണ് അപകടം നടന്നത്. ബസിൽ ഇന്ത്യ, ഡൊമിനിക്കൻ റിപ്പബ്ലിക്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർ ഉൾപ്പെടെ 42 ഓളം യാത്രക്കാരുണ്ടായിരുന്നു. അപകടത്തിനു പിന്നാലെ ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി നയരിത് സംസ്ഥാന സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. റോഡിലെ വളവിലൂടെ അമിതവേഗതയിൽ ബസ് ഓടിച്ചതാകാം അപകടകാരണമെന്ന് അധികൃതർ സംശയിക്കുന്നു. 20 ഓളം പേരെ പരിക്കുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.