അഭയാര്‍ഥികള്‍ കടക്കുന്നത് തടയാൻ ചെക്പോയിന്റുകൾ സ്ഥാപിക്കാനുള്ള നീക്കവുമായി മെക്സികോ അധികൃതർ. അമേരിക്കയിലേക്ക് നുഴഞ്ഞുകയറുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടി. മെക്സികോയിലെ സുരക്ഷ, കുടിയേറ്റ ഉദ്യോഗസ്ഥരും അമേരിക്കൻ കസ്റ്റംസ്, അതിർത്തി സുരക്ഷ ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മെക്സികോയിൽനിന്നുള്ള ചരക്ക് ട്രെയിനുകളിൽ കയറിപ്പറ്റിയാണ് അഭയാര്‍ഥികള്‍ അമേരിക്കന്‍ അതിര്‍ത്തികള്‍ കടക്കുന്നത്. പിന്നാലെ സുരക്ഷ കാരണങ്ങളാൽ 60 ചരക്ക് ട്രെയിനുകൾ ഈ ആഴ്ച റദ്ദാക്കിയതായി റെയിൽവേ അധികൃതർ പ്രഖ്യാപിച്ചു. ചരക്ക് ട്രെയിനുകളിൽ സഞ്ചരിക്കവെ വീണ് നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയുംചെയ്ത സാഹചര്യത്തിലാണ് ട്രെയിനുകൾ റദ്ദാക്കിയത്.
അതേസമയം, ഈ മാസം പ്രതിദിനം 9,000 കുടിയേറ്റക്കാരെ തടയുന്നുണ്ടെന്ന് മെക്സികോയുടെ ദേശീയ കുടിയേറ്റ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വ്യക്തമാക്കി. ഈ വർഷം ആദ്യത്തെ എട്ടു മാസങ്ങളിൽ പ്രതിദിനം ശരാശരി 6125 കുടിയേറ്റക്കാരെയാണ് തടഞ്ഞുവെച്ചിരുന്നത്.