Thursday, November 21, 2024

മൈക്രോ പ്ലാസ്റ്റിക് മനുഷ്യ മസ്തിഷ്‌കത്തിലും; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

അടുത്ത കാലത്ത് വളരെയധികം ചര്‍ച്ചയായ ഒന്നാണ് മൈക്രോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം മനുഷ്യഭീഷണിയാകുമോ എന്നത്. മനുഷ്യശരീരത്തിന്റെ പലഭാഗങ്ങളിലും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം കണ്ടെത്തിയ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മസ്തിഷ്‌കത്തിലും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം കണ്ടെത്തിയെന്ന പഠനമാണ് പുറത്തുവരുന്നത്. അമേരിക്കയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് പഠനത്തിന് പിന്നില്‍.

ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കരള്‍,വൃക്ക എന്നിവയേക്കാള്‍ മുപ്പതുമടങ്ങ് കൂടുതല്‍ മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യമാണ് മസ്തിഷ്‌കത്തില്‍ ഉള്ളതെന്നാണ് പുതിയ കണ്ടെത്തല്‍. ഉയര്‍ന്ന തോതില്‍ രക്തപ്രവാഹം നടക്കുന്നതുകൊണ്ടാവാം ഇതെന്നാണ് ഗവേഷകര്‍ കരുതുന്നത്. മൈക്രോപ്ലാസ്റ്റിക് കലര്‍ന്ന രക്തം ശരീരത്തില്‍ പ്രവഹിക്കുന്നതിലൂടെ പല ഭാഗങ്ങളിലേക്കും ഇവ ചെന്നെത്തുന്നു. കരളും വൃക്കയും വിഷമയമായ വസ്തുക്കളും മറ്റും പുറന്തള്ളുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവ ആയതിനാല്‍തന്നെ താരതമ്യേന മൈക്രോപ്ലാസ്റ്റിക് കുറവാണ്.

പോളിതിലിന്‍ അടങ്ങിയ മൈക്രോപ്ലാസ്റ്റിക്കുകളാണ് കൂടുതലായും കണ്ടെത്തിയത്. കുപ്പികളുടെ അടപ്പ്, പ്ലാസ്റ്റിക് ബാഗുകള്‍ തുടങ്ങിയ തയ്യാറാക്കാന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഘടകമാണിത്. മലിനീകരിക്കപ്പെട്ട ഭക്ഷണം, വെള്ളം എന്നിവയിലൂടെയാവാം മൈക്രോപ്ലാസ്റ്റിക്കുകള്‍ മസ്തിഷ്‌കത്തിലെത്തുന്നത് എന്നാണ് കരുതപ്പെടുന്നത്. കൂടാതെ വായുവിലുള്ള മൈക്രോപ്ലാസ്റ്റിക്കുകള്‍ ശ്വസിക്കുന്നതിലൂടെയും ശരീരത്തിലെത്താം.

ശ്വാസകോശത്തിലോ, കുടലിലോ ഇവ എത്തിക്കഴിഞ്ഞാല്‍ രക്ത പ്രവാഹത്തിലേക്ക് എളുപ്പത്തില്‍ കടക്കാനും ശരീരത്തിലെ വിവിധ അവയവങ്ങളില്‍ എത്തിച്ചേരാനും എളുപ്പത്തില്‍ കഴിയും. പ്രധാനമായും മൂന്നുവഴികളിലൂടെയാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍ ശരീരത്തിലെത്തുന്നത്. ഭക്ഷണത്തിലൂടെ, ശ്വസനത്തിലൂടെ അന്തരീക്ഷത്തിലെ കണികകളില്‍ നിന്ന്, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ ഉപയോഗിക്കുന്നതുവഴി ത്വക്കിലൂടെ.

ലോകത്ത് ഓരോവര്‍ഷവും ഉത്പാദിപ്പിക്കുന്നത് 45 കോടി ടണ്‍ പ്ലാസ്റ്റികാണ്. ഇതില്‍ ഭൂരിഭാഗവും മാലിന്യക്കൂമ്പാരത്തിലെത്തും. കാലക്രമേണ പൊട്ടിയും പൊടിഞ്ഞും ചെറുകഷണങ്ങളാകും. കൃത്രിമനാരുകളാലുണ്ടാക്കുന്ന തുണിത്തരങ്ങള്‍ കഴുകുമ്പോള്‍പോലും പ്ലാസ്റ്റിക് കണങ്ങള്‍ വെള്ളത്തിലും മണ്ണിലും കലരും. പ്ലാസ്റ്റിക്കില്‍ നിന്ന് വിഘടിക്കുന്ന ചെറുപ്ലാസ്റ്റിക് പദാര്‍ഥങ്ങളാണ് മൈക്രോപ്ലാസ്റ്റിക്. അഞ്ച് മില്ലിമീറ്ററില്‍ താഴെമാത്രമാണ് ഇവയുടെ വലുപ്പം.

Latest News