രാജ്യത്ത് യുവാക്കള്‍ കാറുകള്‍ വാങ്ങുന്നത് കുറയുന്നതായി റിപ്പോര്‍ട്ട്. പത്തുവര്‍ഷം മുന്‍പ് രാജ്യത്ത് ഉണ്ടായിരുന്ന 64 ശതമാനം കാറുകളും ചെറു ഇടത്തരം വലിപ്പമുള്ള കാറുകള്‍ ആയിരുന്നു. എന്നാല്‍ ഇത് ഇന്ന് 35% ആയി ചുരുങ്ങി. 2013-14 കാലത്ത് 19.7 ലക്ഷം കാറുകള്‍ ഇത്തരത്തില്‍ വിറ്റഴിക്കപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷത്തെ കണക്കുപ്രകാരം 17.2 ലക്ഷം മാത്രമാണ് ചെറു ഇടത്തരം കാറുകളുടെ വില്പന.
രാജ്യത്ത് യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കാത്ത സാഹചര്യമാണ് ഇതിന്റെ കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നെന്ന് ബിസിനസ് മാധ്യമമായ ക്വിന്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഔനിന്ദ്യോ ചക്രവര്‍ത്തി വിലയിരുത്തുന്നു. 90 കളിലെയോ 2000 കാലത്തെയോ പോലെ യുവാക്കള്‍ക്ക് മികച്ച ശമ്പള വര്‍ദ്ധനവ് ഇപ്പോള്‍ ലഭിക്കുന്നില്ല. മിഡില്‍ മാനേജ്‌മെന്റിലേക്ക് ഉയര്‍ത്തപ്പെട്ട ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ ഒരേ ശമ്പളത്തില്‍ വര്‍ഷങ്ങളോളം ജോലി ചെയ്യേണ്ടി വരുന്നു. ഒപ്പം ഏത് സമയവും പിരിച്ചുവിടപ്പെടാം എന്ന ഭീതിയും സ്വകാര്യമേഖലയില്‍ നിലനില്‍ക്കുന്നു.
ഇതിനാലാണ് ഇടത്തരക്കാരായവര്‍ ലോണെടുത്ത് വാഹനങ്ങള്‍ വാങ്ങാന്‍ തയ്യാറാകാത്തത് എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മൂന്ന് നാല് വര്‍ഷത്തിനിടെ ലക്ഷ്വറി കാറുകളുടെയും എംയുവികളുടെയും (മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍സ്) വര്‍ധിച്ചപ്പോള്‍ മിഡില്‍ ക്ലാസിന്റെ പാസഞ്ചര്‍ കാറുകളുടെ വില്പന താഴേക്ക് പോവുകയും ചെയ്തത് ഇതുകൊണ്ടാണ്. 2013 – 14 കാലത്ത് രാജ്യത്തെ വാഹന വിപണിയില്‍ 18% മാത്രമായിരുന്നു എംയുവികള്‍. 2023 – 24 കാലത്ത് ഇത് 57 ശതമാനമായി ഉയര്‍ന്നു. 10 വര്‍ഷത്തിനിടെ 5.7 ലക്ഷത്തില്‍ നിന്ന് 27.8 ലക്ഷമായി പ്രതിവര്‍ഷ വില്പന ഉയര്‍ന്നു.
ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം 70,000 കോടി രൂപ മൂല്യം വരുന്ന 7 ലക്ഷത്തോളം കാറുകള്‍ ഇപ്പോള്‍ രാജ്യത്ത് കെട്ടിക്കിടക്കുന്നുണ്ട്. ദസ്സറ, ദീപാവലി സമയത്ത് കെട്ടിക്കിടക്കുന്ന കാറുകള്‍ എല്ലാം വിട്ടു പോകുമെന്ന് പ്രതീക്ഷയിലാണ് കാര്‍ നിര്‍മ്മാതാക്കള്‍. കാര്‍ ഡീലര്‍മാര്‍ കാര്‍ നിര്‍മ്മാതാക്കളില്‍ നിന്ന് മെച്ചപ്പെട്ട ഓഫര്‍ ലഭിക്കാനായി പെരുപ്പിച്ച കണക്കുകള്‍ അവതരിക്കുകയാണ് എന്നാണ് വാഹന നിര്‍മ്മാതാക്കളുടെ ഒരു വാദം. 2019 കോവിഡിനെ തുടര്‍ന്നും അതിനുശേഷം രണ്ടു വര്‍ഷത്തോളവും കാര്‍ വില്‍പ്പനയില്‍ നേരിട്ട് പ്രതിസന്ധി ഇപ്പോള്‍ ഉണ്ടാവില്ല എന്നാണ് നിര്‍മ്മാതാക്കളുടെ വാദം.