Monday, November 25, 2024

മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍; ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു വ്യക്തിയുടെ ജീവിതം

ആഗോളതലത്തില്‍ ശ്രദ്ധേയനായ ബ്രിട്ടീഷ് ഇന്ത്യന്‍ എഴുത്തുകാരനാണ് സല്‍മാന്‍ റുഷ്ദി. അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ കൃതികളുടെയും പശ്ചാത്തലം ഇന്ത്യന്‍ ഉപഭൂഖണ്ഡമാണ്. അദ്ദേഹത്തിന്റെ കൃതികളുടെ പ്രധാന ആശയം പലപ്പോഴും ദുഃഖപൂര്‍ണമായ ബന്ധങ്ങളുടെയും കുടിയേറ്റങ്ങളുടേയും ബന്ധവിച്ഛേദങ്ങളുടേയും കഥയാണ്. 1981 ല്‍ പുറത്തുവന്ന ‘മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍’ എന്ന നോവലിലൂടെയാണ് റുഷ്ദി വിശ്വപ്രസിദ്ധിയിലേയ്ക്ക് ഉയര്‍ന്നത്. അദ്ദേഹത്തിന്റെ പ്രതിഭയുടെ ഉയരം വെളിവാക്കിയ നോവലാണത്.

1981ലെ മാന്‍ ബുക്കര്‍ സമ്മാനവും ജെയിംസ് ടെയ്റ്റ് ബ്ലാക്ക് മെമ്മോറിയല്‍ സമ്മാനവും മിഡ്നൈറ്റ്’സ് ചില്‍ഡ്രന്‍സ് ആണ് നേടിയത്. മാന്‍ ബുക്കര്‍ സമ്മാനത്തിന്റെ 25ാം വര്‍ഷികമായ 1993 ലും 40ാം വര്‍ഷികമായ 2008ലും ബുക്കര്‍ സമ്മാനം നേടിയ പുസ്തകങ്ങളിലെ മികച്ചപുസ്തകത്തിനുള്ള ‘ബുക്കര്‍ ഓഫ് ദ ബുക്കേര്‍സ്’ പുരസ്‌കാരവും ഈ പുസ്തകം നേടിയിട്ടുണ്ട്. മൂന്നു ഭാഗങ്ങളിലായി അറുന്നൂറിലിധികം പേജുകളാണ് നോവലിനുള്ളത്.

ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും സ്വതന്ത്ര ഇന്ത്യയുടെ പരിണാമഗതിയെ വരച്ചിടുന്ന പുസ്തകമാണ് ‘മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍’. ബ്രിട്ടീഷ് സാമ്രാജ്യം മുതല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യവും ഇന്ത്യയുടെ വിഭജനവും വരെയുള്ള ഇന്ത്യയുടെ പരിവര്‍ത്തനം നോവലില്‍ പ്രതിപാദിക്കുന്നുണ്ട്. ഈ നോവല്‍ മാജിക്കല്‍ റിയലിസത്തിന് ഉത്തമ ഉദാഹരണമാണ്. ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു വ്യക്തിയുടെ ജീവിതമാണ് മിഡ്നൈറ്റ്സ് ചില്‍ഡ്രന്റെ പ്രമേയം. 1947 ആഗസ്ത് 15 രാത്രി 12ന് അമാനുഷിക കഴിവുകളുമായി ജനിച്ച സലീം സിനായുടെ കഥയാണിതില്‍. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്ന അതേ നിമിഷത്തില്‍ ജനിക്കുകയും ഇന്ത്യാ-പാക് ചരിത്രത്തിലെ നിര്‍ണായക സന്ധികളിലൂടെ മുന്നേറുകയും ചെയ്യുന്ന ഒരു വ്യക്തി.

1947 ഓഗസ്റ്റ് 15 അര്‍ദ്ധരാത്രി. ബ്രിട്ടീഷ് കോളനിവാഴ്ചയില്‍ നിന്നും ഭാരതം സ്വതന്ത്രമാകുന്നു. സ്വാതന്ത്ര്യം നേടുന്ന നിമിഷം മുംബൈയിലെ ഒരാശുപത്രിയില്‍ രണ്ട് കുഞ്ഞുങ്ങള്‍ ജനിക്കുന്നു. ദരിദ്ര യുവതിയുടെ അവിഹിത സന്തതിയായ സലിം സിനായിയും ധനിക ദമ്പതികളുടെ സന്തതിയായി ശിവയും. രണ്ടുപേരുടെയും ജീവിതം നിഗൂഢമായ തരത്തില്‍ പരസ്പരം ബന്ധിപ്പിക്കപ്പെടുന്നു. ഇന്ത്യയുടെ വിജയങ്ങളോടും ദുരന്തങ്ങളോടുമൊപ്പം സഞ്ചരിക്കുകയാണവര്‍. വിഭജനവും പലായനവും യുദ്ധവും രാഷ്ട്രീയ അടിയന്തിരാവസ്ഥയും മതധ്രുവീകരണങ്ങളും സൃഷ്ടിച്ച പ്രശ്‌നസങ്കീര്‍ണ്ണമായ സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ചരിത്രത്തിലൂടെയുള്ള യാത്ര.

ഇതുവരെ എഴുതപ്പെട്ടിട്ടുള്ള പോസ്റ്റ്-കൊളോണിയല്‍ സാഹിത്യത്തിലെ ഏറ്റവും പ്രകാശമാനമായ കൃതികളില്‍ ഒന്നായി മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ കണക്കാക്കപ്പെടുന്നതിന്റെ ഒരു കാരണം അതിന്റെ ബൃഹത്തായ ചരിത്ര ചട്ടക്കൂടാണ്. ഈ നോവല്‍ ഒരേസമയം ആകര്‍ഷകമായ ഒരു ഫാമിലി ഇതിഹാസവും വിശാലമായ ഒരു ഭൂമിയുടെയും അതിലെ ജനങ്ങളുടെയും അതിശയകരമായ ഉദ്ബോധനവുമാണ്. ഫിക്ഷന്റെ ഒരു യുഗകാല സൃഷ്ടിയായും നമ്മുടെ കാലത്തെ മികച്ച സാഹിത്യശബ്ദങ്ങളിലൊന്നിന്റെ ഉജ്ജ്വലമായ പ്രകടനമായും ഈ കൃതി വേറിട്ടുനില്‍ക്കുന്നു.

 

Latest News