Tuesday, November 26, 2024

ടുണീഷ്യന്‍ തീരത്ത് വീണ്ടും കുടിയേറ്റക്കപ്പല്‍ മുങ്ങി: നാലു മരണം

ടുണീഷ്യന്‍ തീരത്ത് കുടിയേറ്റക്കാരുമായി യാത്ര തിരിച്ച കപ്പല്‍ മുങ്ങി. സംഭവത്തില്‍ നാല് കുടിയേറ്റക്കാർ മരിച്ചതായും 51 പേരെ കാണാതാവുകയും ചെയ്തതായി ജുഡീഷ്യൽ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ടുണീഷ്യയിലെ കെർക്കെന്ന ദ്വീപിൽ നിന്നു പുറപ്പെട്ട കപ്പലാണ് ഞായറാഴ്ച അപകടത്തിൽപെട്ടത്. കപ്പലിലുണ്ടായിരുന്ന എല്ലാ കുടിയേറ്റക്കാരും സബ്-സഹാറൻ ആഫ്രിക്കയിൽ നിന്നുള്ളവരാണെന്ന് ജുഡീഷ്യൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും ദാരിദ്ര്യത്തിൽ നിന്നും സംഘർഷങ്ങളിൽ നിന്നും രക്ഷപെടാന്‍വേണ്ടി യൂറോപ്പിലേക്ക് വ്യാപകമായുള്ള കുടിയേറ്റ ശ്രമങ്ങളാണ് നടക്കുന്നത്. ഇതില്‍ ബഹുഭൂരിഭാഗവും കടല്‍മാര്‍ഗമാണ് കുടിയേറ്റം നടത്തുന്നത്. സബ്-സഹാറൻ ആഫ്രിക്കയിൽ നിന്ന് ഇറ്റാലിയൻ തീരങ്ങളിലേക്കുപോകുന്ന കുടിയേറ്റക്കാരില്‍ ഈ വർഷം ജനുവരി ഒന്നു മുതൽ ജൂലൈ 20 വരെ 901 പേര്‍ മുങ്ങിമരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Latest News