ഇംഗ്ലിഷ് ചാനല്‍വഴി ബ്രിട്ടനിലേക്കുള്ള അനധികൃത അഭയാര്‍ഥി പ്രവാഹത്തില്‍ വര്‍ധന. ഈ വര്‍ഷം ഇതുവരെ 19,294 അഭയാര്‍ഥികള്‍ ഇംഗ്ലിഷ് ചാനല്‍ കടന്ന് ബ്രിട്ടനിലേക്ക് എത്തിയതായാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ അതിര്‍ത്തി കടന്ന് എത്തിയവരുടെ എണ്ണത്തേക്കാള്‍ വളരെ കൂടുതലാണിത്. 2023ല്‍ ആകെയെത്തിയവരുടെ എണ്ണം 29,437 ആയിരുന്നു. 2022ല്‍ എത്തിയ റെക്കോര്‍ഡ് സംഖ്യയുമായി (45,755) തട്ടിച്ചുനോക്കുമ്പോള്‍ നേരിയ കുറവ് മാത്രമാണുണ്ടായത്.
2018 മുതല്‍ ഇതുവരെ 130,000 അഭയാര്‍ഥികളാണ് ഇത്തരത്തില്‍ അതിര്‍ത്തി കടന്ന് എത്തിയിട്ടുള്ളത്. അഫ്ഗാനിസ്ഥാന്‍- 5370, ഇറാന്‍- 3844, ടര്‍ക്കി- 2935, സിറിയ-2849, എരിത്രിയ- 2817, ഇറാഖ്- 2508, സുഡാന്‍-2129, അല്‍ബേനിയ- 755, കുവൈത്ത് -571, മറ്റുള്ളവര്‍-3607 എന്നിങ്ങനെയാണ് ഈ വര്‍ഷം എത്തിയ അഭയാര്‍ഥികളുടെ കണക്ക്. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ കണക്കുപ്രകാരം ഇംഗ്ലിഷ് ചാനന്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇതുവരെ ബോട്ടുമുങ്ങിയും മറ്റും മരിച്ചത് 189 പേരാണ്.
കടല്‍ കടന്നെത്തുന്ന അഭയാര്‍ഥികളെ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള മുന്‍ ടോറി സര്‍ക്കാരിന്റെ പദ്ധതി ലേബര്‍ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ നിര്‍ത്തലാക്കിയിരുന്നു. ഈ പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ചപ്പോള്‍ തന്നെ അഭയാര്‍ഥികളുടെ ഒഴുക്കിന് കുറവു വന്നിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാരിന്റെ നയം മാറ്റത്തോടെ കടന്‍ കടന്നെത്തിയാല്‍ എന്നെങ്കിലും അഭയാര്‍ഥി സ്റ്റാറ്റസ് ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ജീവന്‍ പണയംവച്ചും ബ്രിട്ടനിലേക്ക് എത്താന്‍ ഇതാണ് അഭയാര്‍ഥികളെ പ്രേരിപ്പിക്കുന്നത്.
കള്ളക്കടത്തു മാഫിയ സംഘങ്ങളുടെയും മനുഷ്യക്കടത്തുകാരുടെയും ഇരകളായി ബ്രിട്ടനിലേക്ക് എത്തുന്ന അഭയാര്‍ഥികളുടെ ഒഴുക്കിനു തടയിടാന്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി ഇപ്പോള്‍ പറയുന്നത്. എന്നാല്‍ എന്തുതരം നടപടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുന്നില്ല. നിലവില്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ 118,882 പേരാണ് അഭയാര്‍ഥി സ്റ്റാറ്റസിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്.