പട്ടാളം, ഭരണം പിടിച്ചടക്കിയ ആഫ്രിക്കന്‍ രാജ്യമായ നൈജറിൽനിന്ന് ഫ്രഞ്ച് അംബാസഡറെ തിരിച്ചുവിളിക്കുമെന്ന് പ്രഖ്യാപനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അംബാസഡറെ തിരിച്ചുവിളിക്കുന്നതിനു പുറമെ നൈജറുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുമെന്നും മാക്രോണ്‍ പ്രഖ്യാപിച്ചു.
നൈജറിന്റെ പ്രസിഡന്റും ഫ്രാൻസ് അനുകൂലിയുമായ മുഹമ്മദ് ബസൂമിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി രണ്ടുമാസം പിന്നിടുമ്പോഴാണ് മാക്രോണിന്റെ പ്രഖ്യാപനം. അംബാസഡറും നയതന്ത്രജ്ഞരും അടക്കമുളളവരെ തിരിച്ചുവിളിച്ചതായാണ് മാക്രോൺ ഫ്രഞ്ച് ടെലിവിഷനോട് വ്യക്തമാക്കിയിരിക്കുന്നത്. നൈജറുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുമെന്നും വർഷാവസാനത്തോടെ ആഫ്രിക്കൻ രാജ്യത്തുനിന്ന് 1,500 സൈനികരെ പിൻവലിക്കുമെന്നും മാക്രോൺ വ്യക്തമാക്കി.
നിലവിൽ അട്ടിമറിനേതാക്കൾ തടവിലാക്കിയ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ രാജ്യത്തിന്റെ നിയമാനുസൃത നേതാവായി താൻ ഇപ്പോഴും കണക്കാക്കുന്നുവെന്നും തന്റെ തീരുമാനം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും മാക്രോൺ പറഞ്ഞു. കൂടാതെ, അദ്ദേഹത്തെ നിരന്തരം ഫോണിൽ വിളിച്ച് സംസാരിക്കാറുണ്ടെന്നും മാക്രോണ്‍ കൂട്ടിച്ചേർത്തു.