ആഫ്രിക്കന്‍ രാജ്യമായ നൈജറിനു പിന്നാലെ ഗബോണിലും സൈനിക അട്ടിമറി. പൊതുതിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെയാണ് രാജ്യത്തിന്റെ ഭരണചുമതല ഏറ്റെടുത്തതായി സൈനികമേധാവികൾ പ്രഖ്യാപിച്ചത്. ബുധനാഴ്ച പുലർച്ചെ ദേശീയ ടെലിവിഷനിലൂടെയാണ് അധികാരം പിടിച്ചെടുത്തതായി ഗബോണീസ് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചത്.
“ഗബോണീസ് ജനതയുടെ ആഗ്രഹപ്രകാരം, നിലവിലെ ഭരണം അവസാനിപ്പിച്ച് സമാധാനം സംരക്ഷിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു” – ഉദ്യോഗസ്ഥർ ടെലിവിഷനിലൂടെ പറഞ്ഞു. തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്നും രാജ്യാതിർത്തികൾ അടച്ചതായും ഉന്നത സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ഗബോണിലെ എല്ലാ സുരക്ഷാ- പ്രതിരോധസേനകളും ഒരുമിച്ചാണെന്നും ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.
അതേസമയം, രാജ്യത്തു നടന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഫലം ശനിയാഴ്ചയാണ് പുറത്തുവന്നത്. തിരഞ്ഞെടുപ്പില്‍, അലി ബോംഗോ ഒൻഡിംബയാ തന്നെ മൂന്നാംതവണയും പ്രസിഡന്റായി. ഇതേ തുടര്‍ന്ന് തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന ആരോപണമുയരുകയും പിന്നാലെ പട്ടാള അട്ടിമറി നടത്തുകയുമായിരുന്നു. 2020-നുശേഷം മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിൽ നടക്കുന്ന എട്ടാമത്തെ പട്ടാള അട്ടിമറിയാണ് ഗബോണിലേത്. ഇക്കഴിഞ്ഞ ജൂലൈയിൽ നൈജറിൽ പട്ടാളം, ഭരണം പിടിച്ചെടുത്തിരുന്നു. മാലി, ഗിനിയ, ബുർക്കിന ഫാസോ, ചാഡ്, നൈജർ എന്നിവിടങ്ങളിലും സൈനികഭരണമാണ് നടക്കുന്നത്.