Tuesday, November 26, 2024

നൈജറില്‍ സൈനിക അട്ടിമറി: ഭരണം പിടിച്ചെടുത്തതായി സൈനികമേധാവി

ആഫ്രിക്കൻ രാജ്യമായ നൈജറിൽ പ്രസിഡന്റ് മുഹമ്മദ് ബസൂമിനെ പുറത്താക്കി സൈന്യം ഭരണം പിടിച്ചെടുത്തു. നൈജറിലെ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ ഭരണഘടനയും റദ്ദാക്കി. കേണൽ മേജർ അമദോവ് അബ്ദ്രമാന്റെ നേതൃത്വത്തിലാണ് സൈന്യം ഭരണം പിടിച്ചെടുത്തത്.

“നിലവിലെ സർക്കാറിന് അവസാനമായിരിക്കുന്നു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലും സാമൂഹിക സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിലും നിലവിലെ ഭരണസംവിധാനം പരാജയപ്പെട്ടു. അതിനാല്‍ ജനങ്ങൾക്കായി തങ്ങൾ അധികാരം ഏറ്റെടുക്കുകയാണ്” – അബ്ദ്രമാന്‍ ദേശീയമാധ്യമത്തിലൂടെ അറിയിച്ചു. കൂടാതെ, ദേശീയ കൗൺസിൽ ഫോർ സേഫ്ഗാർഡിംഗ് ഓഫ് കൺട്രി എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘം വിദേശ ഇടപെടലുകൾക്കെതിരെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ അതിർത്തികൾ അടച്ചതായും രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയതായും പട്ടാള ഭരണാധികാരി ബുധനാഴ്ച അറിയിച്ചു.

സൈനിക അട്ടിമറിക്കു പിന്നാലെ തടവിലാക്കിയ പ്രസിഡന്‍റിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എസ് രംഗത്തെത്തി. നൈജറിന്റെ, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് എന്ന നിലയിൽ അമേരിക്ക അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നുവെന്നും അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു.

ഫ്രഞ്ച് കോളനിയായിരുന്ന നൈജര്‍ 1960-ൽ, സ്വതന്ത്രമായ ശേഷം നിലവിൽവന്ന ആദ്യ ജനാധിപത്യ സർക്കാരായിരുന്നു ബസൂമിന്റേത്. രണ്ടുവർഷങ്ങൾക്കു മുൻപാണ് ബസൂം അധികാരത്തിലേറുന്നത്. 2020-നുശേഷം പടിഞ്ഞാറൻ, മധ്യ ആഫ്രിക്കൻ മേഖലകളിൽ നടക്കുന്ന ഏഴാമത്തെ പട്ടാള അട്ടിമറി കൂടിയാണിത്.

Latest News