സൊമാലിയയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയുടെ ഭീഷണിയിലാണെന്നും ക്ഷാമത്തിന് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത് കൊച്ചുകുട്ടികളാണെന്നും യുഎന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കി. വരള്‍ച്ച, വിലക്കയറ്റം, ഫണ്ടിംഗ് കുറവുകള്‍ എന്നിവയാണ് സൊമാലിയയെ കടുത്ത പട്ടിണിയിലേയ്ക്ക് തള്ളിവിടുന്നത്. ഏകദേശം 40 ശതമാനം സോമാലിയക്കാരും വലിയ പ്രതിസന്ധയിലാണ്.
സൊമാലിയയുടെ പല ഭാഗങ്ങളും വരള്ച്ചയാല് നശിക്കുകയാണ്. ഇത് എത്യോപ്യ, കെനിയ എന്നിവയുള്‍പ്പെടെ മേഖലയിലെ മറ്റ് രാജ്യങ്ങളിലും പിടിപെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി പരിഹരിക്കുന്നതിനും 2011 ലെ ക്ഷാമം ആവര്‍ത്തിക്കാതിരിക്കുന്നതിനും യുഎന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യം ഒരു മാനുഷിക ദുരന്തത്തിന്റെ മുനമ്പിലാണെന്ന്, യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ സൊമാലിയ പ്രതിനിധി എല്‍-ഖിദിര്‍ ദലൂം പറഞ്ഞു.
സംയോജിത ഭക്ഷ്യ സുരക്ഷാ ഫേസ് ക്ലാസിഫിക്കേഷന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ആറ് ദശലക്ഷം സൊമാലിയക്കാര്‍ അഥവാ ജനസംഖ്യയുടെ 40 ശതമാനം ആളുകള്‍ ഇപ്പോള്‍ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയെ അഭിമുഖീകരിക്കുന്നു. ഈ വര്‍ഷത്തിന്റെ ആരംഭം മുതല്‍ ഏകദേശം രണ്ട് മടങ്ങ് വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.
ഭക്ഷണവും പാലും ലഭ്യമല്ലാത്ത അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണ് ഏറ്റവും ദുര്‍ബലരായിരിക്കുന്നത്. ഏകദേശം 1.4 ദശലക്ഷം കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നു. നാലിലൊന്ന് പേര് ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നു.
2011-ലെ ക്ഷാമകാലത്ത് 260,000 ആളുകള്‍ (അവരില്‍ പകുതിയും ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍) പട്ടിണി അല്ലെങ്കില്‍ വിശപ്പുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ മൂലം മരിച്ചിരുന്നു. ആ ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് യുഎന്‍ ആഹ്വാനം ചെയ്തു.