നന്ദിനി പാലുൽപ്പന്നങ്ങൾ കേരളത്തിൽ വിൽക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് മില്‍മ. കാലങ്ങളായി മിൽക്ക് ഫെഡറേഷനുകൾ പിന്തുടരുന്ന കീഴ്വഴക്കങ്ങള് തെറ്റിക്കാന്‍ അനുവദിക്കില്ലെന്നാണ് മില്‍മയുടെ വാദം. വിഷയം നാഷണൽ കോ-ഓപ്പറേറ്റീവ് ഡയറി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അടുത്ത ഡയറക്ടർ ബോർഡ് യോഗത്തിൽ ഉന്നയിക്കുമെന്നും മില്‍മ പ്രഖ്യാപിച്ചു.
“രാജ്യത്തെ മിൽക്ക് ഫെഡറേഷനുകൾ ഇത്രയും കാലമായി പിന്തുടരുന്ന ചില ചിട്ടകളും കീഴ്വഴക്കങ്ങളും തെറ്റിക്കുന്നത് ധാർമ്മികമായി ശരിയല്ല” – മിൽമ മലബാർ മേഖലാ സഹകരണ മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. നന്ദിനിയുടെ ഔട്ട്ലെറ്റുകൾ കേരളത്തില്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ താൻ കത്ത് നൽകിയെങ്കിലും അവർ അത് അവഗണിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറെ ചർച്ച ചെയ്യപ്പെട്ട അമുൽ – നന്ദിനി പ്രശ്നത്തിന് മുമ്പു തന്നെ കേരളത്തിൽ കച്ചവടം നടത്താൻ കർണാടക കോർപ്പറേറ്റ് പാലുൽപാദകർ തീരുമാനിച്ചിരുന്നു. കർണാടകയിൽ വ്യവസായം തുടങ്ങാനുള്ള അമുലിന്റെ തീരുമാനം തെറ്റായിരുന്നുവെന്നും എന്നാൽ അതിനെ എതിർക്കാൻ നന്ദിനിക്ക് ധാർമ്മിക അവകാശമില്ലെന്നും മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ പറഞ്ഞു.