അമേരിക്കയിലെ ഫ്ലോറിഡയിലെ ടാമ്പാ ഉൾക്കടലിൽനിന്നും വളരെയധികം ജനസാന്ദ്രതയുള്ള കരയിലേക്ക് മിൽട്ടൺ കൊടുങ്കാറ്റ് കുതിക്കുമ്പോൾ ഫ്ലോറിഡ നിവാസികൾ അടിയന്തര തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മണിക്കൂറിൽ 165 മൈൽ (മണിക്കൂറിൽ 270 കി. മീ.) വരെ തീവ്രമായ കാറ്റായിരിക്കും വീശുക എന്ന് കാലാവസ്ഥാനിരീക്ഷകർ പറയുന്നു.
വിനാശകരമായ ഹെലിൻ ചുഴലിക്കാറ്റ് ആഞ്ഞടിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് സംസ്ഥാനം അടുത്ത പ്രകൃതിക്ഷോഭത്തെ നേരിടാനൊരുങ്ങുന്നത്. ബുധനാഴ്ച രാത്രിയോടെ കൊടുങ്കാറ്റ് പൂർണ്ണശക്തിയോടെ ആഞ്ഞടിക്കുമെന്നു പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് ജോ ബൈഡൻ, ചൊവ്വാഴ്ച, ഫ്ലോറിഡയിലെ ആളുകൾക്ക് അടിയന്തിരമായി താമസസ്ഥലത്തുനിന്നു മാറാൻ മുന്നറിയിപ്പ് നൽകി.
ഒരു ദശലക്ഷത്തിലധികം ആളുകളെ കൊടുങ്കാറ്റിന്റെ പാതയിൽനിന്ന് ഒഴിപ്പിക്കാൻ ഉത്തരവിട്ടതോടെ ഫ്ലോറിഡ നിവാസികൾ അടിയന്തര തയ്യാറെടുപ്പുകൾ പൂർത്തിയാക്കാനോ, സംസ്ഥാനത്തുനിന്ന് പലായനം ചെയ്യാനോ ശ്രമിക്കുന്നു. മിൽട്ടൺ ചുഴലിക്കാറ്റ് ഫ്ലോറിഡയ്ക്ക് ‘അങ്ങേയറ്റം ഗുരുതരമായ ഭീഷണി’ ഉയർത്തുമെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ജീവൻ അപകടപ്പെടുത്തുന്ന പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ട്.
പലായനം ചെയ്യുന്നവർക്ക് താമസിക്കാൻ നിരവധി അഭയകേന്ദ്രങ്ങളാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ അതേസമയം, നിലവിൽ സംസ്ഥാനത്ത് ഇന്ധനപ്രതിസന്ധിയും രൂക്ഷമായിരിക്കുകയാണ്. ചിലയിടങ്ങളിൽ ഇന്ധനം തീർന്നതോടെ നീണ്ട ക്യൂ രൂപപ്പെട്ടു. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കൂടാതെ, റോഡരികുകളിൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ വിന്യസിച്ചിട്ടുണ്ട്. നിലവിൽ ഒരു ദശലക്ഷത്തിലധികം ആളുകളെ ഒഴിപ്പിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.