യുക്രൈൻ അമേരിക്കയുമായി ഒപ്പുവച്ച ധാതുകരാർ ‘ശരിക്കും തുല്യമായ കരാറിൽ’ കലാശിച്ച ചർച്ചകളുടെ ഫലമാണെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. കീവിനുള്ള മുൻ യു എസ് സഹായത്തിന് കരാർ തിരിച്ചടവ് ബാധ്യതകൾ വ്യവസ്ഥ ചെയ്യുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി മാസങ്ങൾ നീണ്ടുനിന്ന തീവ്രമായ ചർച്ചകൾക്കുശേഷം, യുക്രൈന്റെ നിർണ്ണായക ധാതുക്കളിലേക്കും മറ്റു പ്രകൃതിവിഭവങ്ങളിലേക്കും വാഷിംഗ്ടണിനു പ്രവേശനം നൽകുന്ന ഒരു കരാർ അന്തിമ രൂപത്തിലെത്തുകയായിരുന്നു. റഷ്യയ്ക്കെതിരായ പ്രതിരോധത്തിന് യു എസിന്റെ സ്ഥിരമായ പിന്തുണ ഉറപ്പാക്കുമെന്നും കീവ് ഇതിലൂടെ പ്രതീക്ഷിക്കുന്നുണ്ട്.
ഒപ്പുവച്ച കരാർ മുൻകാല ആവർത്തനങ്ങളെ അപേക്ഷിച്ച് യുക്രൈന് കൂടുതൽ ഗുണകരമാണെന്ന് യുക്രേനിയൻ ഉദ്യോഗസ്ഥർ പ്രസ്താവിച്ചു. യുക്രേനിയൻ പാർലമെന്റിന്റെ അംഗീകാരം കാത്തിരിക്കുന്ന ഈ കരാർ, യുക്രൈനായി ഒരു പുനർനിർമ്മാണ ഫണ്ട് സൃഷ്ടിക്കുകയും ഇത് അമേരിക്കൻ സൈനികപിന്തുണ തുടരാൻ സഹായിക്കുമെന്നും ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ മൃതസംസ്കാര ശുശ്രൂഷയ്ക്കിടെ വത്തിക്കാനിൽ ഡൊണാൾഡ് ട്രംപുമായി നടന്ന അർഥവത്തായ ഒരു കൂടിക്കാഴ്ചയുടെ ഫലമാണ് ഈ കരാറെന്നും ആ കൂടിക്കാഴ്ചയിൽ നിന്നുണ്ടാകുന്ന കൂടുതൽ ഫലങ്ങൾക്കായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും സെലെൻസ്കി പറഞ്ഞു.