ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിന്റെ വൃക്കമാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി സ്വന്തം കൈയിലെ സ്വര്‍ണ വളയൂരി നല്‍കി മന്ത്രി ഡോ.ആര്‍ ബിന്ദു.
തൃശൂര്‍ ഇരിങ്ങാലക്കുട കരുവന്നൂരിലെ മൂര്‍ക്കനാട് ഒരു ഇരുപത്തിയേഴുകാരന്റെ വൃക്കമാറ്റിവയ്ക്കല്‍ ചികിത്സാ ധനസഹായ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി ആര്‍ ബിന്ദു. മൂര്‍ക്കനാട് ഗ്രാമീണ വായനശാലയില്‍ വിവേക് എന്ന ചെറുപ്പക്കാരന് വേണ്ടിയുള്ള ചികിത്സാ സഹായസമിതിയുടെ രൂപീകരണ യോഗമായിരുന്നു നടന്നിരുന്നത്. മന്ത്രിയുടെ മണ്ഡലത്തിലായിരുന്നു പരിപാടിയെന്നതിനാലാണ് അവധി ദിനത്തില്‍ എത്തിയത്. പ്രസംഗത്തിന് ശേഷം മടങ്ങാനൊരുങ്ങുമ്പോഴാണ് എല്ലാവരെയും അമ്പരപ്പിച്ച് തന്റെ കയ്യിലെ വളയൂരി ചികിത്സാ ധനസഹായസമിതി ഭാരവാഹികളെ ഏല്‍പ്പിച്ചത്.
സാധാരണ ഇത്തരം യോഗങ്ങള്‍ക്ക് പ്രാദേശിക ജനപ്രതിനിധികള്‍ ആണ് പങ്കെടുക്കാറുള്ളത്. മന്ത്രി യോഗത്തിനെത്തിയത് പോലും അപ്രതീക്ഷിതമായാണ്. സഹായ സമിതിയുടെ ഭാരവാഹികളായ പി.കെ മനുമോഹന്‍, നസീമ കുഞ്ഞുമോന്‍, സജി ഏറാട്ടുപറമ്പില്‍ എന്നിവരാണ് മന്ത്രിയില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങിയത്. യോഗത്തില്‍ പങ്കെടുത്ത വിവേകിന്റെ സഹോദരന്‍ വിഷ്ണു പ്രഭാകരനോട് വിവേകിനു വേണ്ടിയുള്ള എല്ലാ മംഗളങ്ങളും നേര്‍ന്നുകൊണ്ടാണ് മന്ത്രി മടങ്ങിയത്.