Tuesday, November 26, 2024

നവകേരള സദസ്; എല്ലാ മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലെയും യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി

നവകേരള സദസില്‍ എല്ലാ മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലെയും യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. 37 ദിവസം നീളുന്ന മണ്ഡല പര്യടനത്തില്‍ എല്ലാ മന്ത്രിമാരും എല്ലാ മണ്ഡലത്തിലെയും സദസില്‍ മുടങ്ങാതെ പങ്കെടുത്ത് കൊളളണം. നവകേരള സദസിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷമാണ് മുഖ്യമന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത്.

നവകേരള സദസിന്റെ ഒരുക്കങ്ങള്‍ മന്ത്രിസഭ വിലയിരുത്തി. ജനങ്ങളുമായി സംസാരിക്കുന്ന കാര്യത്തില്‍ നവകേരള സദസിന് വിപുലമായ സാധ്യതകളുണ്ട്. ജനപങ്കാളിത്തം കൊണ്ട് ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്നുമാണ് വിലയിരുത്തല്‍. പരിപാടിക്കെത്തുന്നവരെ മുഴുവന്‍ ഉള്‍ക്കൊളളാനാകുന്ന തരത്തിലുളള ക്രമീകരണം വേണമെന്ന് നിര്‍ദ്ദേശം നല്‍കി. ജില്ലകളുടെ ചുമതലയുളള മന്ത്രിമാര്‍ അതാത് ജില്ലകളിലെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം വഹിക്കും.

നാല് സെക്ഷനുകളായാണ് ഈ യോഗം നടന്നത്. ശനിയാഴ്ച വൈകുന്നേരം 3.30ന് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നാണ് നവകേരള സദസിന്റെ തുടക്കം.140 മണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കി ഡിസംബര്‍ 24 ന് തിരുവനന്തപുരത്ത് സമാപിക്കും. എല്ലാ ജില്ലകളിലെയും പ്രമുഖ വ്യക്തികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സര്‍ക്കാര്‍ പരിപാടിയാണെങ്കിലും സിപിഐഎമ്മാണ് പരിപാടിയുടെ അണിയറയില്‍ മുഖ്യപങ്ക് വഹിക്കുന്നത്. ഔദ്യോഗിക കാര്യങ്ങളില്‍ മാത്രമാണ് കളക്ടറും ഉദ്യോഗസ്ഥരും ഏകോപിപ്പിക്കുന്നത്.

 

Latest News