Sunday, November 24, 2024

പാഠ്യപദ്ധതിയില്‍ വേദങ്ങള്‍ ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം 100 കോടി രൂപ വകയിരുത്തി

പാഠ്യപദ്ധതിയില്‍ വേദങ്ങളും ഇന്ത്യന്‍ ഭാഷകളും ഉള്‍പ്പെടുത്തുന്ന പദ്ധതിക്കായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം 100 കോടി രൂപ നീക്കി വെച്ചെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പുതിയ പദ്ധതി അനുസരിച്ച് പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും വേദപഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മെഡിസിന്‍, എഞ്ചിനീയറിംഗ് എന്നിവയുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസത്തിനായി ഏത് കോളേജില്‍ ചേരാനും അര്‍ഹതയുണ്ട്.

വേദപഠനം അംഗീകരിക്കാന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ നടപടിയായിട്ടാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ നീക്കം. വേദങ്ങളിലെ അറിവും മൂല്യങ്ങളും സന്ദേശവും ഉള്‍ക്കൊണ്ട് സാമൂഹ്യനീതിയും സ്ത്രീ ശാക്തീകരണവും നേതൃത്വ വികസനവും ഉറപ്പാക്കാമെന്നും മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. പുതിയ തലമുറകളെ ഇന്ത്യന്‍ ഭാഷകളും സാഹിത്യങ്ങളും പഠിപ്പിക്കാന്‍ സര്‍വകലാശാലകള്‍ മുന്നോട്ടു വരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഭാരതീയ ശിക്ഷാ ബോര്‍ഡ് (ബിഎസ്ബി), മഹര്‍ഷി സാന്ദീപനി രാഷ്ട്രീയ വേദ സംസ്‌കൃത ശിക്ഷാ ബോര്‍ഡ് (എംഎസ്ആര്‍വിഎസ്എസ്ബി), മഹര്‍ഷി സാന്ദീപനി രാഷ്ട്രീയ വേദ വിദ്യാ പ്രതിസ്ഥാന്‍ (എംഎസ്ആര്‍വിവിപി) തുടങ്ങിയ വേദിക് ബോര്‍ഡുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പുതിയ തീരുമാനം ഏറെ പ്രയോജനം ചെയ്യുക. നേരത്തെ, ഈ ബോര്‍ഡുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ തുടര്‍വിദ്യാഭ്യാസത്തിനായി നാഷണല്‍ ഓപ്പണ്‍ സ്‌കൂളിങ്ങ് എക്‌സാമിനേഷന്‍ (National Open Schooling Examination) പാസാകേണ്ടതുണ്ടായിരുന്നു.

ശനിയാഴ്ച സെന്‍ട്രല്‍ സംസ്‌കൃത സര്‍വകലാശാലയില്‍ ലക്ഷ്മി പുരാണത്തിന്റെ സംസ്‌കൃത വിവര്‍ത്തനം പ്രകാശനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എ.ഡി പതിനഞ്ചാം നൂറ്റാണ്ടില്‍ ഒഡീഷയിലെ പുരിയില്‍ വെച്ച് മഹാനായ കവി ബലറാം ദാസ് രചിച്ച ഭക്തിസാന്ദ്രമായ ഒരു കാവ്യമാണ് ലക്ഷ്മീ പുരാണം.

 

Latest News