സുഡാനിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമെന്ന് വിദേശകാര്യമന്ത്രാലയം. 1095 ഇന്ത്യക്കാരെ ഇതുവരെ ഒഴിപ്പിച്ചെന്ന് മന്ത്രാലയം വ്യക്തമാക്കി. 19 മലയാളികളെ തിരികയെത്തിച്ചു. ഖാര്‍ത്തൂമില്‍ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം 243 ഇന്ത്യാക്കാരുമായി രണ്ടാമത്തെ വിമാനം മുംബൈയിലെത്തും. ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി, പോര്‍ട്ട് സുഡാന്, ജിദ്ദ എന്നിവിടങ്ങളില്‍ മുഴുവന്‍ സമയ കണ്ട്രോള് റൂം തുറന്നു. 3100 പേര് നാട്ടിലേക്ക് മടങ്ങാനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തു.
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന സുഡാനില്‍ സ്ഥിതി സങ്കീര്‍ണമായി തുടരുന്നുവെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. കേന്ദ്രം ഇത് ഗൗരവമായി നിരീക്ഷിക്കുകയാണ്. പലയിടത്തും വെടിനിര്‍ത്തല്‍ പാലിക്കപ്പെടുന്നില്ല. ഖാര്‍ത്തൂം കേന്ദ്രീകരിച്ചും, അംദുര്‍മാന്‍, അല്‍ഫാഷര്‍, കസാല, പോര്‍ട്ട് സുഡാന് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും ഓപ്പറേഷന് കാവേരി ദൗത്യം പുരോഗമിക്കുകയാണ്. ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി, പോര്‍ട്ട് സുഡാന്, ജിദ്ദ എന്നിവിടങ്ങളില്‍ മുഴുവന്‍ സമയ കണ്ട്രോള് റൂം തുറന്നു.
3500 ഇന്ത്യക്കാരും ആയിരം ഇന്ത്യന്‍ വംശജരും സുഡാനിലുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ കണക്ക്. ഇവരെ ഒഴിപ്പിക്കാനായി ചൊവ്വാഴ്ച തുടങ്ങിയ ഓപ്പറേഷന് കാവേരിയിലൂടെ 1095 പേരെ ഇതുവരെ പോര്‍ട്ട് സുഡാനില്‍ നിന്നും ജിദ്ദയിലെത്തിച്ചു.