ഡിസംബര്‍ 18 ആഗോള ന്യൂപക്ഷാവകാശ ദിനം. ഭൂരിപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിവിധ വെല്ലുവിളികള്‍ നേരിടുന്ന മത, ജാതി, ഭാഷ, പ്രാദേശിക ന്യൂനപക്ഷങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളുമായാണ് അത്തരം വിഭാഗങ്ങള്‍ക്ക് സവിശേഷമായ പരിഗണനയും പിന്തുണയും നല്കാന് വിവിധ ലോകരാജ്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചുവരുന്നത്. ആ പരിഗണനയും പരിരക്ഷയും ദുര്‍ബ്ബലവിഭാഗങ്ങള്‍ക്കുള്ള അവകാശമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
ന്യൂനപക്ഷാവകാശ സംരക്ഷണം സംബന്ധിച്ച ലക്ഷ്യങ്ങളും പദ്ധതികളുമായി ബന്ധപ്പെട്ട വിചിന്തനങ്ങള്‍ക്കായി ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം 1992 മുതല്‍ എല്ലാവര്‍ഷവും ഡിസംബര്‍ 18 ന് ന്യൂനപക്ഷാവകാശ ദിനമായി ലോകരാജ്യങ്ങള്‍ ആചരിച്ചുവരുന്നു. ‘വൈവിധ്യത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും ആഘോഷം’ (Celebrating Diversity and Inclusion) ആണ് 2023 ലോക ന്യൂനപക്ഷാവകാശ ദിനത്തിന്റെ തീം.
ക്രൈസ്തവ ന്യൂനപക്ഷവും ജെ. ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടും
കേരളത്തിലെ ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള വിചിന്തനം ഈ പശ്ചാത്തലത്തില്‍ യുക്തമാണ്. പ്രതിവര്‍ഷം ആനുപാതികമായി ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്നവരാണ് കേരളത്തിലെ ക്രൈസ്തവര്‍. ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1950 കാലഘട്ടത്തില്‍ 22% ത്തില്‍ അധികം ഉണ്ടായിരുന്ന കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം 2001 ലെ സെന്‍സസ് പ്രകാരം 19.02%വും ശേഷം 2011 ലെ കണക്ക് പ്രകാരം 18.38% ആയി കുറഞ്ഞു.
കേരളത്തില്‍ ക്രിസ്ത്യന്‍ ജനസംഖ്യ ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ കുത്തനെ താഴുന്നതായിട്ടാണ് Kerala State Economics and Statistics Division Department ഇറക്കുന്ന ‘Annual Vital Statistics Report’ ല്‍ ചൂണ്ടികാണിച്ചിരിക്കുന്നത്. ഉദാഹരണത്തിന് അവസാനമായി ഇറങ്ങിയ 2021ലെ റിപ്പോര്‍ട്ടില്‍ ആ വര്‍ഷം കേരളത്തില്‍ ജനിച്ച ക്രിസ്ത്യന്‍ കുട്ടികള്‍ 59,766. അതേസമയം 2021 ല്‍ കേരളത്തില്‍ മരിച്ച ക്രിസ്ത്യനികള്‍ 65,984. അതായത് പ്രസ്തുത വര്‍ഷം 6218 പേരുടെ കുറവ് ക്രിസ്ത്യന്‍ സമുദായത്തില്‍ ഉണ്ടായി.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിലെ ക്രൈസ്തവ സമൂഹം ചില വിവേചനങ്ങള്‍ നേരിടുന്നുണ്ട്. ചില ക്രൈസ്തവ വിഭാഗങ്ങള്‍ സാമ്പത്തികവും സാമൂഹികവുമായ കടുത്ത വെല്ലുവിളികള്‍ നേരിടുന്നു. ന്യൂനപക്ഷം എന്ന നിലയില്‍ ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങളില്‍ ഗുരുതരമായ വിവേചനങ്ങള്‍ ക്രൈസ്തവ സമൂഹം നേരിടുന്നുണ്ട്. ഭരണകൂട പിന്തുണ ലഭിക്കേണ്ട ഒട്ടേറെ സാഹചര്യങ്ങളില്‍ അതുണ്ടാകാതെ പോകുന്നതും, പ്രശ്നപരിഹാരങ്ങള്‍ക്ക് കാലതാമസം നേരിടുന്നതും പ്രധാന പ്രതിസന്ധികളാണ്.
ഇത്തരമൊരു പശ്ചാത്തലത്തില്‍ ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന് നിയോഗിക്കപ്പെട്ടത് വലിയ ആശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് ക്രൈസ്തവ സമൂഹം കണ്ടത്. മെയ്മാസത്തില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ട് വിവിധ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ഘട്ടത്തില്‍, ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ഗൗരവമായി പരിഗണിക്കാനും നടപ്പാക്കാനും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ തയ്യാറാകേണ്ടതുണ്ട്.
ക്രൈസ്തവ ന്യൂനപക്ഷ പദ്ധതികളിലെ അപര്യാപ്തതകള്‍
1992ലാണ് ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന് നിയമ പ്രകാരം ഇന്ത്യയില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന് പ്രവര്‍ത്തനമാരംഭിക്കുന്നത്. 2006ല്‍ സര്‍ക്കാര്‍ ന്യൂനപക്ഷകാര്യ മന്ത്രാലയം സ്ഥാപിച്ചു. ക്രിസ്ത്യന്‍, മുസ്ലിം, സിഖ്, ജൈന, ബുദ്ധ, പാഴ്സി എന്നീ ആറു വിഭാഗങ്ങളാണ് ഇന്ത്യയിലെ ന്യൂനപക്ഷ മതവിഭാഗങ്ങള്‍. 2008ല്‍ കേരളത്തില്‍ പൊതുഭരണ വകുപ്പിന് കീഴില്‍ ന്യൂനപക്ഷ സെല്‍ പ്രവര്‍ത്തനമാരംഭിക്കുകയും ക്രമേണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിക്കപ്പെടുകയും ചെയ്തു.
2014ല്‍ ന്യൂനപക്ഷ കമ്മീഷന് നിലവില്‍ വന്നു. എന്നാല്‍, ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാതെ നീതി രഹിതവും വിവേചനപരവുമായ നിലപാടുകളാണ് കേരളത്തിലെ സര്‍ക്കാരുകള്‍ കൈക്കൊണ്ട് വന്നിട്ടുളളത്. മറ്റു പല സംസ്ഥാനങ്ങളും ക്രൈസ്തവരുടെ ക്ഷേമത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. 2011 സെന്‍സസ് പ്രകാരം ക്രൈസ്തവര്‍ വെറും 1.34 ശതമാനം മാത്രമുള്ള ആന്ധ്രാപ്രദേശില്‍ അവര്‍ക്കായി പ്രത്യേക ധനകാര്യ കോര്പ്പറേഷന് തന്നെയുണ്ട്.
വളരെ പിന്നാക്കാവസ്ഥയില്‍ ഇപ്പോഴും തുടരുന്നതും നാമാവശേഷമായിക്കൊണ്ടിരിക്കുന്നതുമായ ക്രൈസ്തവ വിഭാഗങ്ങള്‍ കേരളത്തില്‍ പലതുണ്ട്. നാട്ടിലെ അപര്യാപ്തമായ ജീവിതസാഹചര്യങ്ങള്‍ മൂലം വിദേശ നാടുകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന ക്രൈസ്തവ യുവജനങ്ങളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍, ക്രൈസ്തവര്‍ക്ക് ആരോഗ്യകരമായ സാഹചര്യങ്ങളില്‍ കേരളത്തില്‍ ജീവിക്കാനും പഠിച്ചുവളരാനും ജോലിചെയ്യാനും ആവശ്യമായ പിന്തുണ നല്‍കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനും സമൂഹത്തിനുമുണ്ട്.
ന്യൂനപക്ഷം എന്ന നിലയില്‍ ഈ സമൂഹത്തില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ കരുപ്പിടിപ്പിക്കാനുതകുന്ന സൗകര്യങ്ങള്‍ ഒരുക്കിയെടുക്കാന്‍ കഴിയുന്ന പക്ഷം രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ സഹകാരികളായി ഒട്ടേറെ യുവാക്കള്‍ ഇവിടെ തന്നെ ജീവിക്കാന്‍ സന്നദ്ധരാകുമെന്ന് തീര്‍ച്ച.
ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ വിതരണം സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ നിലനില്‍ക്കുന്ന ഒരു സാഹചര്യം കൂടിയാണിത്. ക്രൈസ്തവ സമൂഹത്തിന് ന്യൂനപക്ഷം എന്ന നിലയില്‍ അര്‍ഹിക്കുന്ന ആനുകൂല്യങ്ങളും മറ്റുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ലഭിക്കുന്നതിന് ആനുപാതികമായ ആനുകൂല്യങ്ങളും പിന്തുണയും ഉറപ്പാക്കേണ്ടതുണ്ട്. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് ഏറ്റവും അധികം ഊന്നിപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ ന്യൂനപക്ഷ അവകാശത്തിന്റെ ലഭ്യത സംബന്ധിച്ചാണ്.
ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള ആവശ്യങ്ങള്‍:
- ക്രൈസ്തവരിലെ പാവപ്പെട്ട ജനങ്ങള്‍ അധിവസിക്കുന്ന മേഖലകളിലെ ന്യൂനപക്ഷ വിദ്യാലയങ്ങളില്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചുകൊണ്ട് കോഴ്സുകള്‍ അനുവദിക്കണം. (JBKC Report : 8.3)
ന്യൂനപക്ഷങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സ്കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള അറിയിപ്പുകള് കൃത്യമായി പരസ്യപ്പെടുത്തണം. - മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പുകള്‍ ന്യൂനപക്ഷ ജനസംഖ്യാടിസ്ഥാനത്തില്‍ നല്‍കണം (JBKC Report : 8.10, 8. 14)
ക്രൈസ്തവ ഭൂരിപക്ഷ മേഖലകളില്‍ ന്യൂനപക്ഷ കമ്മീഷന് റീജണല്‍ ഓഫീസുകള്‍ അനുവദിക്കണം (JBKC Report: 8.10, 8. 14, 8. 12)
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്കി വന്നിരുന്നതും പിന്നീട് നിര്‍ത്തലാക്കിയതുമായ സ്കോളര്‍ഷിപ്പുകള്‍ പുനഃസ്ഥാപിക്കണം (ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളിലെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയത് ഉദാഹരണമാണ്) (JBKC Report: 8.10, 8. 14, 8.17)
- ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സംരംഭകത്വം വളര്‍ത്താന്‍ ഉപകരിക്കുന്ന പദ്ധതികളും പരിശീലന പദ്ധതികളും ആരംഭിക്കണം (JBKC Report: 8.18)
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ക്രൈസ്തവ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം നാട്ടില്‍ തുടര്‍ വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങള്‍ ഇല്ലാത്തപക്ഷം സ്കോളര്‍ഷിപ്പും സംവരണവും അനുവദിക്കണം. ട്യൂഷന് ഫീ റീഇംബേഴ്സ്മെന്റ് പദ്ധതിയും, ഉന്നത വിദ്യാഭ്യാസത്തിനുള്ള പലിശരഹിത ലോണുകളും അനുവദിക്കണം (JBKC Report: 8.26, 31 B)
- പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭിക്കുന്ന ക്രിസ്ത്യന്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുന്നതിനുള്ള വ്യക്തിഗത, ഗ്രൂപ്പ് ലോണുകള്‍ ന്യൂനപക്ഷ ധനകാര്യ കമ്മീഷന് കീഴില്‍ നടപ്പാക്കുക. (JBKC Report: 8.32)
- യത്തീംഖാനയിലെ അന്തേവാസികള്‍ക്ക് പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുവാന്‍ 10000 രൂപ പ്രതിവര്‍ഷം സ്കോളര്‍ഷിപ്പ് നല്കുന്ന മാതൃകയില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മറ്റ് മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കും നല്‍കുക. (JBKC Report: 8.36)
പ്രധാനമന്ത്രി ജനവികാസ് കാര്യക്രം പോലുള്ള പദ്ധതികളില്‍ ക്രൈസ്തവര്‍ക്കും ക്രൈസ്തവ മേഖലകള്‍ക്കും ആനുപാതികമായ പരിഗണന നല്‍കുക, അതിന് രൂപീകരിക്കുന്ന സമിതികളില്‍ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ശരിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുക. ന്യൂനപക്ഷ കമ്മീഷന്, ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന്, ന്യൂനപക്ഷ ക്ഷേമ സമിതികള്‍ തുടങ്ങിയവയില്‍ ക്രൈസ്തവര്‍ക്ക് ആനുപാതിക പ്രാതിനിധ്യം നല്‍കണം. (JBKC Report: 8. 37, 38, 43)
- കേരളസംസ്ഥാന ന്യൂനപക്ഷ കമ്മീഷന് നിയമം 2014 പ്രകാരം, കമ്മീഷന് ചെയര്മാന് ഒരു സമുദായത്തില്നിന്നെങ്കില് അംഗം മറ്റൊരു സമുദായത്തില്‍ നിന്നും ആയിരിക്കണമെന്ന വ്യവസ്ഥയ്ക്ക് 2018 ഭേദഗതി വരുത്തിയത് റദ്ദാക്കുക. ഇപ്പോഴുള്ള സാഹചര്യത്തില്‍ കമ്മീഷനിലെ വനിത പ്രതിനിധിയല്ലാത്ത രണ്ട് അംഗങ്ങളും ഒരേ സമുദായത്തില്‍ നിന്ന് തന്നെ ആണ്. ഇപ്പോള്‍ മൈനോറിറ്റി കമ്മീഷന് ചെയര്മാന് അഡ്വ. എ. എ. റഷീദ്, രണ്ടാമത്തെ അംഗം ശ്രീ സൈഫുദീന്‍ എ. എന്നിവര്‍ ഒരേ സമുദായത്തില്‍നിന്നുള്ളവരാണ്. 2018 ല്‍ കെ. ടി. ജലീല്‍ ന്യൂനപക്ഷവകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ചെയ്ത ഭേദഗതിക്ക് മുമ്പ് അപ്രകാരമായിരുന്നില്ല. (JBKC Report: 8.39)
- ന്യൂനപക്ഷ വകുപ്പിന്റെ കീഴില്‍ ക്രിസ്ത്യന്‍ മൈനോരിറ്റിസ് ഡവലപ്പ്മെന്റ് കോര്പ്പറേഷന് രൂപീകരിച്ച് ചെറുകിട സംരംഭങ്ങള്‍ക്കും സ്വയംതൊഴിലിനും മറ്റും വായ്പ്പാ നല്‍കാനുള്ള നിരന്തരമായ ആവശ്യം പരിഗണിക്കണം. വിധവകളുടെയും പെണ്മക്കളുടെയും വിവാഹ ആവശ്യത്തിന് പലിശരഹിത വായ്പ്പ അനുവദിക്കണം (JBKC Report: 8.42, 60)
- ന്യൂനപക്ഷാവകാശ ദിനമായ ഡിസംബര്‍ 12 ന്യൂനപക്ഷ അവകാശ ദിനമായി ആഘോഷിക്കുകയും ആനുകൂല്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കുകയും, അതിന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ധനസഹായം അനുവദിക്കുകയും വേണം. (JBKC Report: 8.96)
- കൂടുതല്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് അനുവദിക്കണം. (JBKC Report: 8.125)
കമ്മീഷന് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തപ്പെടാത്ത ചില ആവശ്യങ്ങള്‍
– ജനസംഖ്യാനുപാതികമായി ക്രൈസ്തവര്‍ക്ക് ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന് എല്ലായ്പ്പോഴും സര്‍ക്കാര്‍ ഉറപ്പുവരുത്തണം.
– വിവിധ കമ്മീഷനുകളില്‍ ജനസംഖ്യാനുപാതികമായ ക്രൈസ്തവ പങ്കാളിത്തം ഉറപ്പുവരുത്തണം. അത്തരത്തില്‍ നിയോഗിക്കപ്പെടുന്നവര്‍ പേരില്‍ മാത്രം ക്രൈസ്തവര്‍ എന്നതിനേക്കാള്‍, പൊതുനന്മയ്ക്കൊപ്പം ക്രൈസ്തവ സമൂഹത്തിന്റെ നന്മയും ആഗ്രഹിക്കുന്നവരാണെന്ന് ഉറപ്പുവരുത്തണം.
– കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ മുസ്ലീങ്ങള്‍ ഒഴികെയുള്ളവരുടെ ജനസംഖ്യാനുപാതം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്ന വിഭാഗങ്ങളെ മൈക്രോ മൈനോരിറ്റിയായി കണ്ട് കൂടുതല്‍ പരിഗണനയും ആനുകൂല്യങ്ങളും അനുവദിക്കണം.
ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ CMI
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷന്