Sunday, November 24, 2024

ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍; നിയമനത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ട

ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ നിയമിക്കാന്‍ എയ്ഡഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ അവകാശമുണ്ടെന്ന് ജസ്റ്റിസ് സി. ഹരിശങ്കര്‍ വിധിച്ചു.

പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും നിയമനത്തിനുള്ള വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ നിഷ്‌കര്‍ഷിക്കാന്‍ മാത്രമാണ് വിദ്യാഭ്യാസ വകുപ്പിന് അധികാരമുള്ളത്. നിയമനത്തിന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും മുന്‍പരിചയവുമുണ്ടെങ്കില്‍, പ്രിന്‍സിപ്പലിനെ ഉള്‍പ്പെടെ നേരിട്ട് നിയമിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് യാതൊരു തടസവുമില്ല. ഒഴിവുകള്‍ നികത്താവുന്നതാണ്.

ധനസഹായം കൃത്യമായി ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശം നല്‍കാനോ നിയന്ത്രണം കൊണ്ടുവരാനോ മാത്രമേ സംസ്ഥാന സര്‍ക്കാരിന് പരമാവധി കഴിയൂ. സര്‍ക്കാര്‍ ഗ്രാന്റിന്റെ പേരില്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കീഴ്‌പ്പെടുത്താനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡല്‍ഹി തമിഴ് എജ്യൂക്കേഷന്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് വിധി.

Latest News