കോഴിമുട്ട എങ്ങനെ കഴിക്കണം, കശുവണ്ടിപ്പരിപ്പിന്റെ കലോറി എത്ര, പുഴുങ്ങിയ മുട്ട കഴിക്കാമോ, ഇരുമ്പ് കസേരയില്‍ ഇരിക്കാമോ, ഐസ്ക്രീം നല്കിയാല് കുട്ടിക്കു കൂടുതല്‍ മാര്‍ക്ക് കിട്ടുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അബദ്ധ ഉത്തരങ്ങള്‍ക്കു ശാസ്ത്രീയമായ മറുപടി നല്‍കുകയാണ് പ്രശസ്ത കാന്‍സര്‍ സര്ജന് ഡോ. ജോജോ ജോസഫ്. നിങ്ങളുടെ കുടുംബവും കുട്ടികളും അബദ്ധ സിദ്ധാന്തങ്ങളില്‍ പോയി വീഴാതിരിക്കാന്‍ വായിക്കുക.
ഈയിടെ നിരവധി പേര് എനിക്കൊരു വീഡിയോ അയച്ചു തന്നു. ഒപ്പം ചില ചോദ്യങ്ങളും ചോദിച്ചു: ‘സാറേ, ഇപ്പറയുന്നതൊക്കെ ശരിയാണോ? ഇതിന്റെ സത്യാവസ്ഥ എന്താണ്? ഇപ്പറയുന്ന കാര്യങ്ങള്‍ ശരിയല്ലെങ്കില്‍, അതിന്റെ സത്യാവസ്ഥയും ശാസ്ത്രീയ വശങ്ങളും പറഞ്ഞു തരാമോ?’
ഞാന്‍ വീഡിയോ കണ്ടു. ബഹുമാന്യനായ മുന്‍ പൊലീസ് മേധാവി ഡോ. അലക്സാണ്ടര്‍ ജേക്കബ് വിദ്യാര്‍ഥികള്‍ക്കു നല്കിയ ഒരു ഉപദേശത്തിന്റെ വീഡിയോയായിരുന്നു അത്. വീഡിയോ കണ്ടുകഴിഞ്ഞപ്പോള്‍ അതിലെ അബദ്ധങ്ങളും അശാസ്ത്രീയതയും എനിക്കു മനസിലായി. സത്യം പറഞ്ഞില്ലെങ്കില്‍ അനേകം കുട്ടികളും മാതാപിതാക്കളും മറ്റാളുകളും അപകടത്തില്‍ പെടാന്‍ ഇടയുണ്ട് എന്നെനിക്കു മനസിലായി. അതിനാലാണ് ഈ വിഷയം ഞാനിപ്പോള്‍ എഴുതുന്നത്.
മോട്ടിവേഷണല്‍ സ്പീച്ചിന്റെ ആദ്യഭാഗം
ആ വീഡിയോയില്‍ അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്:
‘പൂര്‍ണ്ണ ആരോഗ്യമുള്ള ഒരു മനുഷ്യന് 2800 കലോറി മതി ഒരു ദിവസം ജീവിക്കാന്‍. പക്ഷേ, ഒരു ആറുമണിക്കൂര്‍ പഠിക്കണമെങ്കില്‍ കുട്ടിക്ക് ഒരു 4000 കലോറി ഊര്‍ജം വേണം. 10 മണിക്കൂര്‍ പഠിക്കണമെങ്കില്‍ 7000 കലോറി ഊര്‍ജം വേണം. ഈ ഊര്‍ജം കുഞ്ഞിന് ആഹാരത്തില്നിന്നുമാത്രമേ കിട്ടുകയുള്ളൂ. പക്ഷേ, അമ്മമാരില്‍ പലര്‍ക്കും ഈ ‘ഊര്‍ജകണക്ക്’ അറിയില്ല. ഒരു പ്ലേറ്റ് ചോറ് കഴിച്ചാല്‍ 400 കലോറിയേ കിട്ടുകയുള്ളൂ. ഒരു കശുവണ്ടി തിന്നാല്‍ 80 കലോറി കിട്ടും. അഞ്ച് കശുവണ്ടി തിന്നുന്നത് ഒരു പ്ലേറ്റ് ചോറിനു തുല്യമാണ്. വലിയൊരു കഷണം കേക്ക് തിന്നാല്‍ 400 കലോറി ആയി. ചില ആഹാരങ്ങള്‍ കഴിച്ചാല്‍ നഷ്ടമാണ്. ഒരു കോഴിമുട്ട പുഴുങ്ങിത്തിന്നാല്‍, അതു മുഴുവന്‍ ദഹിച്ചാല്‍ 80 കലോറിയെ കുട്ടിക്ക് കിട്ടുകയുള്ളൂ. പക്ഷേ, പുഴുങ്ങിയ മുട്ട ദഹിപ്പിക്കണമെങ്കില്‍ 92 കലോറി ചെലവാകും. 12 കലോറി നഷ്ടം. കുട്ടിക്ക് മുട്ട കൊടുക്കുമ്പോള്‍ ഒന്നുകില്‍ ബുള്‍സൈ ആക്കിക്കൊടുക്കണം അല്ലെങ്കില്‍ പൊരിച്ചുകൊടുക്കണം; പുഴുങ്ങിക്കൊടുത്തേക്കരുത്.’
ഡോ. അലക്സാണ്ടര്‍ ജേക്കബിന്റെ മോട്ടിവേഷണല്‍ സ്പീച്ചിന്റെ ആദ്യഭാഗമാണിത്. എന്നാല്‍ നിങ്ങള്‍ കേട്ടതൊന്നും വാസ്തവമല്ല എന്നുള്ളതാണ് സത്യം. സാധാരണ, ആരോഗ്യമുള്ള ഒരു പുരുഷന് ഏകദേശം 2500 കലോറി മാത്രമാണ് ഒരു ദിവസം ആവശ്യമായിവരിക. സ്ത്രീയാണെങ്കില്‍ 2000 കലോറി മതിയാകും. ഇനി ഒരു വിദ്യാര്‍ഥിയുടെ കാര്യമെടുക്കുക. ഒരു കുട്ടി, ബുദ്ധി ഉപയോഗിച്ച് ഒരു മണിക്കൂര്‍ പഠിക്കാന്‍ ഏകദേശം 100 കലോറി അല്ലെങ്കില്‍ 120 കലോറി മാത്രമാണ് ചിലവിടുക. 10 മണിക്കൂര്‍ പഠിച്ചാല്‍ 1000 – 1200 കലോറിയാണ് ആവശ്യമായിവരിക. ഇദ്ദേഹം പറയുന്നതുപോലെ 7000 കലോറി ഒന്നും ആവശ്യമില്ല. അതുപോലെതന്നെ 7000 കലോറി സപ്ലിമെന്റ് ചെയ്താല്‍, അത് നികത്താന്‍ അത്രയും ഭക്ഷണം കൊടുത്തുകഴിഞ്ഞാല്‍ കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും എന്നുള്ളതാണ് അതിനു പിന്നിലെ വാസ്തവം; അതാണ് ശാസ്ത്രവും.
കശുവണ്ടിപ്പരിപ്പിന്റെ കലോറി
അദ്ദേഹം പറയുന്ന കശുവണ്ടിപ്പരിപ്പിന്റെ കലോറിയുടെ കാര്യമെടുക്കാം. നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന കശുവണ്ടിപ്പരിപ്പില്നിന്നും നമുക്ക് മാക്സിമം കിട്ടാവുന്ന കലോറി എന്നുപറയുന്നത് 9 കലോറി ഊര്‍ജമാണ്. അദ്ദേഹം പറയുന്നതുപോലെ, ഇത്രയും കലോറി കിട്ടണമെങ്കില്‍ കശുവണ്ടിക്ക് മാങ്ങാണ്ടിയോളം വലിപ്പമെങ്കിലുംവേണം; അതുപോലെയാണ് ചോറിലെ കലോറിയുടെ കണക്ക് പറയുന്നത്.
കോഴിമുട്ട എങ്ങനെ കഴിക്കണം?
കോഴിമുട്ട എങ്ങനെ കഴിക്കണമെന്നുള്ള അലക്സാണ്ടര്‍ ജേക്കബ് സാറിന്റെ ഉപദേശത്തിന് എന്തെങ്കിലും കഴമ്പുണ്ടോ എന്നുനോക്കാം. പുഴുങ്ങിയ മുട്ട ദഹിക്കാന്‍ ബുദ്ധിമുട്ടാണ് എന്നാണ് അദ്ദേഹം പറയുന്നത്. കോഴിമുട്ട പുഴുങ്ങിക്കഴിയുമ്പോള് നല്ല കട്ടിയായിരിക്കും. അപ്പോള്‍ അത് ദഹിക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നുള്ള ഒരു ലോജിക്കാണ് അദ്ദേഹത്തിന്. എന്നാല്‍ എന്താണ് യഥാര്‍ഥത്തില്‍ നടക്കുന്നത്? മുട്ട പുഴുങ്ങിയോ അല്ലെങ്കില്‍ ഹാഫ് ബോയ്ല്‍ഡ് ആയോ കഴിക്കുന്നതാണ് ഏറ്റവും ഉചിതം.
അദ്ദേഹം പറയുന്നതുപോലെ മുട്ട പൊരിച്ചോ, ഓംലെറ്റ് ആയോ കഴിക്കുമ്പോള്‍ അത് ദഹിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്. കാരണം അതിനോടൊപ്പം എണ്ണ, മറ്റ് ഇന്‍ഗ്രീഡിയന്‍സ് ഒക്കെ ചേരുന്നതുകൊണ്ട് അതുകൂടി ദഹിപ്പിച്ചെടുക്കാന്‍ ശരീരം ബുദ്ധിമുട്ടേണ്ടിവരും. അതുപോലെതന്നെ അനാരോഗ്യകരമായ ഭക്ഷണമായി അത് മാറുകയും ചെയ്യും. കാരണം ഇതിലേക്ക് ചേര്‍ക്കപ്പെടുന്ന എണ്ണ, നെയ്യ് മറ്റു ചേരുവകള്‍ എന്നിവയെല്ലാം കൂടിയാകുമ്പോള്‍, വളരെ സേഫ് ആയിട്ടുള്ള ഒരു ഭക്ഷണത്തെ ദഹിപ്പിക്കാന്‍ ശരീരം കുറച്ചുകൂടെ ബുദ്ധിമുട്ടും; അതേപോലെ അണ്‍ഹെല്‍ത്തി ആവുകയുമാണ് ചെയ്യുന്നത്. നിങ്ങളുടെ കുട്ടികള്‍ക്ക് മുട്ട കൊടുക്കണമെങ്കില്‍ പുഴുങ്ങിക്കൊടുക്കുക അല്ലെങ്കില്‍ ഹാഫ് ബോയ്ല്‍ഡ് ആയി കൊടുക്കുക. അതാണ് ഏറ്റവുംനല്ല രീതിയില്‍ മുട്ട കഴിക്കാനുള്ള മാര്‍ഗം.
മുട്ട കഴിച്ചുകഴിഞ്ഞാല്‍ കലോറി നഷ്ടപ്പെടുമോ?
ഇനി രണ്ടാമത്തെ കാര്യം, മുട്ട കഴിച്ചുകഴിഞ്ഞാല്‍ കലോറി നഷ്ടപ്പെടുന്ന കാര്യമാണ്. നമ്മള് മുട്ട കഴിക്കുന്നത് കലോറി ആവശ്യം നിറവേറ്റാനല്ല. നമുക്ക് അതില്‍നിന്നു കിട്ടുന്ന പ്രോട്ടീന്‍, ഫാറ്റ്, മിനറല്‍, വൈറ്റമിന്‍ തുടങ്ങിയവയെല്ലാം ഉദ്ദേശിച്ചാണ് നമ്മള് മുട്ട കഴിക്കുന്നത്. കലോറിക്കുവേണ്ടി നമ്മള് മറ്റ് ഭക്ഷണമാണ് കഴിക്കുന്നത്. അതുപോലെതന്നെ ഭക്ഷണം ദഹിപ്പിക്കുമ്പോള്‍ എത്ര കലോറി നഷ്ടംവരുന്നമെന്ന് നമ്മള് കാല്‍ക്കുലേറ്റ് ചെയ്യേണ്ട ഒരു കാര്യവുമില്ല. കാരണം നമ്മള് എല്ലാ ഭക്ഷണവും മിക്സ് ചെയ്താണ് കഴിക്കുന്നത്.
കലോറി കൂടുതലുള്ള ഭക്ഷണത്തില്‍നിന്നും അത് എടുത്തോളും. നമ്മുടെ ശരീരത്തിനുള്ളിലേക്ക്, ശരീരത്തിന്റെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഘടകങ്ങള്‍ ചെല്ലുമ്പോള്‍, അത് ശരീരത്തിന് ഉപയോഗപ്രദമാക്കാന്‍ ഏത് അവയവം പ്രവര്‍ത്തിച്ചാലും അതിനുള്ള എനര്‍ജി ഉപയോഗം ഒരു നഷ്ടമായി കരുതേണ്ട കാര്യമില്ല. ഉദാഹരണത്തിന് നമ്മള് ശ്വാസം വലിക്കുമ്പോള്പോലും നമ്മള് അകത്തേക്കെടുക്കുന്നതില് കുറെ ഓക്സിജന്‍ ശ്വാസം വലിക്കാനുള്ള അവയവങ്ങളുടെ പ്രവര്‍ത്തനത്തിനായിട്ടാണ് ഉപയോഗിക്കുന്നത്. അതൊരു നഷ്ടമാണ് എന്നുവിചാരിച്ച് നമ്മളാരും ശ്വാസം വലിക്കാതിരിക്കുന്നില്ലല്ലോ.
കുട്ടിക്ക് മാര്‍ക്ക് കൂടുതല്‍ കിട്ടാന്‍ ഐസ്ക്രീം കൊടുക്കണോ?
ഡോ. അലക്സാണ്ടര്‍ ജേക്കബിന്റെ രണ്ടാമത്തെ സ്പീച്ച് സെഷനില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: ‘അപ്പൊ കുട്ടിക്ക് ഊര്‍ജം എവിടുന്ന് കിട്ടും. ഏറ്റവും കൂടുതല്‍ ഊര്‍ജമുള്ള ആഹാരം ഐസ്ക്രീം ആണ്. ഒരു ചെറിയ കപ്പിലുള്ള ഐസ്ക്രീമില്‍നിന്നും 900 കലോറി കിട്ടും. വലിയ കപ്പ് ഐസ്ക്രീമിന് 1600 കലോറി കിട്ടും. അതുകൊണ്ട് പഠിക്കുന്ന കുട്ടിക്ക് മാര്‍ക്ക് കൂടുതല്‍ കിട്ടണമെങ്കില്‍ കുറച്ച് ഐസ്ക്രീം ഉണ്ടാക്കി ഫ്രിഡ്ജില്‍ വയ്ക്കുക. എന്നിട്ട് ഇടവിട്ട് കുട്ടിക്കു കൊടുക്കുക. അപ്പോള്‍ കുട്ടിക്ക് പഠിക്കാനുള്ള കഴിവ് കൂടും. നമ്മള് കഴിക്കുന്നതുപോലെ മൂന്നുനേരം ആഹാരം കൊടുക്കരുത്. അങ്ങനെ കൊടുത്തുകഴിഞ്ഞാല്‍ തലച്ചോറിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന കരോടിഡ് അര്‍ട്ടറി ആ രക്തം കുടലിലേക്ക് തിരിച്ചുവിടും. പിന്നെ ഉറക്കംവരും. അതുകൊണ്ട് കുട്ടിക്ക് ഇടയ്ക്കിടയ്ക്ക് ഐസ്ക്രീം കൊടുക്കുക.’
ഇനി ഇതിന്റെ സത്യാവസ്ഥ എന്താണെന്നു നോക്കാം. ആദ്യം കാലോറി കണക്കു നോക്കാം. അലക്സാണ്ടര്‍ സര് പറയുന്ന ഈ കലോറി കണക്ക് സാധാരണ ഭാഷയില്‍ പറഞ്ഞാല്‍ ‘വെറും തള്ളല്‍’ മാത്രമാണ്. ഇനി യാഥാര്‍ഥ്യം പറയാം. നമ്മുടെ നാട്ടില്‍ കിട്ടുന്ന സാധാരണ ഐസ്ക്രീം കപ്പില്‍നിന്നും പരമാവധി ലഭിക്കുക 210 കലോറി മാത്രം. അദ്ദേഹം പറയുന്നതുപോലെ 900 ഒക്കെ ലഭിക്കണമെങ്കില്‍ പഞ്ചാബികള്‍ പെഗിന്റെ കണക്ക് പറയുന്നതുപോലെ ‘ഒരു പട്യാല സൈസ്’ ഐസ്ക്രീം കഴിച്ചാല്‍ മാത്രമേ 900 കലോറി ലഭിക്കുകയുള്ളൂ.
പരീക്ഷയ്ക്കു പഠിക്കുന്ന ഒരു വിദ്യാര്‍ഥി റെഗുലറായി ഐസ്ക്രീം കഴിക്കാമോ? ഒരിക്കലും പാടില്ല. ഐസ്ക്രീം ഒരു ജങ്ക് ഫുഡ് ആണ്. ഈ വാക്ക് കേള്‍ക്കുമ്പോള്‍തന്നെ നിങ്ങള്‍ക്ക് അറിയാമല്ലോ അത് കഴിക്കാന്‍ കൊള്ളില്ലാത്ത അല്ലെങ്കില്‍ ലിമിറ്റ് ചെയ്തുകഴിക്കേണ്ട ഒരു ഭക്ഷണമാണ് എന്നത്. ഐസ്ക്രീം കഴിക്കുന്നതുകൊണ്ടു കുഴപ്പമില്ല. പക്ഷേ, പരീക്ഷയ്ക്കു പഠിക്കുന്ന ഒരു കുട്ടിക്ക് സ്ഥിരമായി നിങ്ങള്‍ ഐസ്ക്രീം വാങ്ങിച്ചുകൊടുത്താല്‍ രണ്ടുവര്‍ഷത്തെ പരീക്ഷ കഴിയുമ്പോഴേക്കും അത്, നിങ്ങളുടെ കുട്ടിയെ ഒരു പൊണ്ണത്തടിയനും അനാരോഗ്യവാനും ആക്കും. അതുകൊണ്ട് പരീക്ഷയ്ക്കു പഠിക്കുന്ന കുട്ടിക്ക് ഐസ്ക്രീം കൊടുത്താല്‍ പെട്ടെന്ന് കുറച്ച് കലോറി കിട്ടുമെങ്കിലും അത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഏതാണ്ട് ഒരു ‘സ്ലോ പോയിസണ്‍’ നല്കുന്നതിനു തുല്യമാണ് എന്നുസാരം.
പരീക്ഷയ്ക്കു പഠിക്കുന്ന കുട്ടിക്ക് എന്ത് നല്‍കണം?
ഇനി പരീക്ഷയ്ക്കു പഠിക്കുന്ന കുട്ടിക്ക് എന്താണ് നമ്മള് ഭക്ഷണമായി കൊടുക്കേണ്ടത്. ഒരു സമീകൃതാഹാരമാണ് കുട്ടിക്ക് അവര്‍ പഠിക്കുമ്പോള്‍ നിങ്ങള്‍ കൊടുക്കേണ്ടത്. അത് ഏതാണ്ട് ഒരു 40% മുതല്‍ 50% വരെ കാര്‍ബോഹൈഡ്രേറ്റും ബാക്കി ഒരു 30% പ്രോട്ടീന്‍ മിച്ചമുള്ള ഭാഗം ഫാറ്റ് എന്നീ രീതിയിലുള്ള സമീകൃത ആഹാരവുമാണ് കൊടുക്കേണ്ടത്. അതിനോടൊപ്പം പച്ചക്കറികളും പഴങ്ങളും മറ്റു ഭക്ഷണപദാര്ഥങ്ങളുംകൂടി അതില്‍ ഉള്‍പ്പെടുത്തണം. അങ്ങനെയുള്ള ഹെല്‍ത്തിയായ ഒരു സമീകൃത ആഹാരമാണ് നിങ്ങളുടെ കുട്ടിക്ക് നല്ലത്. അങ്ങനെയാണെങ്കില്‍ കുട്ടിക്ക് നല്ല മാര്‍ക്കും കിട്ടും കുട്ടിയുടെ ആരോഗ്യവും സംരക്ഷിക്കപ്പെടും.
ഉറക്കം വരുമോ?
അതുപോലെതന്നെ അദ്ദേഹം പറയുന്ന മറ്റൊരു കാര്യമാണ് ഉറക്കം വരുന്നതിനെക്കുറിച്ച്; കരോട്ടിഡ് അര്‍ട്ടറി രക്തം താഴേക്കു തിരിച്ചുവിടുന്നതിനാലാണ് ഭക്ഷണം കഴിച്ചതിനുശേഷം ഉറക്കംവരുന്നതെന്ന്. അത് വിഡ്ഢിത്തമാണ്. ഈ കരോട്ടിഡ് അര്‍ട്ടറി എന്നത്, രക്തം ഒരു സ്വിച്ച് ഇട്ടപോലെ തിരിച്ചുവിടാനുള്ള സാധനം ഒന്നുമല്ല. അതൊരു വണ്‍ ഫ്ലോ ഡയറക്ഷനുള്ള, ഹാര്‍ട്ടില്‍നിന്നും ബ്രെയിനിലേക്ക് രക്തം പോകുന്ന ഒരു പൈപ്പ് മാത്രമാണ്. അതുകൊണ്ട് ഇതുപോലെയുള്ള അസംബന്ധങ്ങളില്‍ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കാതിരിക്കുക. ഉയര്‍ന്ന ഗ്ലൈസെമിക് ഇന്ടെക്സ് ഉള്ള ഭക്ഷണം കഴിച്ചുകഴിയുമ്പോള്‍ മറ്റു പല മെക്കാനിസങ്ങളും വര്‍ക്ക് ചെയ്താണ് നമുക്ക് ഭക്ഷണത്തിനുശേഷം ഉറക്കംവരുന്നത്. ഇതാണ് ഇതിനുപിന്നിലെ സത്യം.
എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ. അദ്ദേഹം കുറ്റാന്വേഷണത്തിനും മറ്റു കാര്യങ്ങള്‍ക്കും മോട്ടിവേഷന്‍ നല്കുന്ന നല്ലൊരു സ്പീക്കറാണ്. പക്ഷേ, മെഡിക്കല്‍ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍, പഠിച്ചതിനുശേഷം മാത്രം സംസാരിക്കുക എന്നൊരു തത്വം പാലിക്കുന്നതാണ് ഉചിതം. അതല്ലെങ്കില്‍ അത്തരം വിഷയങ്ങളിലുള്ള അഭിപ്രായപ്രകടനം ഒഴിവാക്കണം. കാരണം അദ്ദേഹത്തിന്റെ വാക്കുകള്‍ കേരളത്തിലെ ആള്ക്കാര് വിലയുള്ള വാക്കായി എടുക്കുകയും അത് ഫോളോ ചെയ്യുകയും ചെയ്യുന്നുണ്ട്. അങ്ങനെ ഫോളോ ചെയ്യുമ്പോള്‍ അവര്‍ക്ക് ആരോഗ്യപ്രശ്നമുണ്ടാക്കുന്ന കാര്യങ്ങള്‍ പറയാതിരിക്കുക. അതല്ലേ അതിന്റെ ഭംഗി.
ഇരുമ്പ് കസേരയില്‍ ഇരിക്കാമോ?
ഇനി അവസാനമായി ഒരു കാര്യംകൂടി. അവസാനഭാഗത്ത് അദ്ദേഹം കുറെ ഇലക്ട്രോണ്‍സിന്റെ കാര്യവും പറയുന്നുണ്ട്. അതായത് കാല് നിലത്തുതൊട്ടാല് നമ്മുടെ ശരീരത്തില്‍നിന്നും ഇലക്ട്രോണ്‍സ് നഷ്ടപ്പെടും; നമുക്ക് ക്ഷീണം ഉണ്ടാകും. അതുകൊണ്ട് ഇരിക്കുമ്പോള്‍ കാല് ഭൂമിയില്‍ തൊടരുത്. അതുകൊണ്ട് കാല് ഒരു തലയണയില്‍ വയ്ക്കണം, ഇരുമ്പ് കസേരയില്‍ ഇരിക്കരുത്, പലക കസേരയില്‍ ഇരിക്കണം എന്നിങ്ങനെ അശാസ്ത്രീയമായ കാര്യങ്ങളും പറയുന്നുണ്ട്. ഈ പറയുന്നതില്‍ ഒന്നിലും യാതൊരു വാസ്തവവുമില്ല, എന്നുമാത്രമല്ല, പറയുന്ന എല്ലാ കാര്യങ്ങളും അടിസ്ഥാന ശാസ്ത്രതത്വങ്ങളെ കളിയാക്കുന്ന കാര്യങ്ങളുമാണ്. തങ്ങള്‍ പറയുന്നത് ശാസ്ത്രീയമാണ് എന്ന് കേള്‍വിക്കാര്‍ക്കു തോന്നാനാണ് ഇവര്‍ ഇങ്ങനെ കുറെ കപടശാസ്ത്രം അല്ലെങ്കില്‍ സ്യുഡോ സയന്‍സ് പ്രയോഗിക്കുന്നത്.
ആരെയും വേദനിപ്പിക്കാനല്ല: ആളുകള്‍ അപകടത്തില്‍ വീഴാതിരിക്കാനാണ്
ഇത്രയും പറഞ്ഞത് ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ അല്ല. ഈ സംശയങ്ങള്‍ ദൂരീകരിക്കണം എന്ന് പറഞ്ഞുകൊണ്ട് ആള്ക്കാര് എന്റെ അടുത്തെത്തിയപ്പോള്‍, അവര്‍ അപകടത്തില്‍ പെടാതിരിക്കാന്‍ ശാസ്ത്രീയമായ മറുപടി നല്‍കിയതാണ്.
സാധാരണ, കാന്‍സര്‍ സംബന്ധിച്ച വിഷയങ്ങളാണ് ഞാന്‍ എഴുതുന്നത്. അല്ലെങ്കില്‍ കാന്‍സറിനെക്കുറിച്ച് മിഥ്യാധാരണ പടര്‍ത്തുന്ന ഏതെങ്കിലും വാര്‍ത്തകളോ, വീഡിയോകളോ വന്നാല്‍ അതിനൊരു കറക്ഷന് എന്ന രീതിയിലും ലേഖനങ്ങള്‍ എഴുതാറുണ്ട്. അത് എല്ലാവരും സ്വീകരിക്കുന്നതിലും സപ്പോര്‍ട്ട് ചെയ്യുന്നതിലും എനിക്ക് അതിയായ സന്തോഷമുണ്ട്. സംശയങ്ങള്‍ ഉളവാക്കുന്ന വിഷയങ്ങള്‍ ഇനിയും നിങ്ങള്‍ എഴുതുക. ഉത്തരങ്ങള്‍ നല്‍കുന്നതിന് എനിക്കു സന്തോഷമേയുള്ളു.