യുക്രൈനിലെ ഖർകിവ് പ്രാവിശ്യയിൽ വീണ്ടും റഷ്യയുടെ മിസൈൽ ആക്രമണം. സംഭവത്തിൽ ആറുപേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. ഖർകിവിലെ തപാൽ ടെർമിനൽ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം.
വടക്കുകിഴക്കൻ യുക്രൈനിലെ ഖാർകിവ് മേഖലയെ റഷ്യൻ അധിനിവേശത്തിൽനിന്ന് കഴിഞ്ഞ വർഷമാണ് കൈവ് സൈന്യം മോചിപ്പിച്ചത്. എന്നാൽ ഇതിനുപിന്നാലെ മോസ്‌കോ സൈന്യം നിരന്തരമായ വ്യോമാക്രമണങ്ങളുടെ പരമ്പരതന്നെ പ്രാവിശ്യ ലക്ഷ്യമാക്കി നടത്തിയിരുന്നു. ഇതിലെ ഏറ്റവും പുതിയ സംഭവമാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്.
അതേസമയം, തപാൽ ടെർമിനലിനുനേരെയുണ്ടായ അക്രമസംഭവത്തിനെതിരെ യുക്രൈൻ പ്രസിഡന്റ് വ്ലോഡിമാർ സെലൻസ്കി രംഗത്തെത്തി. “ഭീകരതയും കൊലപാതകവും റഷ്യയെ എവിടെയും എത്തിക്കില്ല. തീവ്രവാദികൾ ചെയ്ത എല്ലാത്തിനും പ്രത്യഘാതം നേരിടേണ്ടിവരും” – അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു. മിസൈൽ ആക്രമണത്തെ യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസഡർ ബ്രിഡ്ജറ്റ് ബ്രിങ്ക്, ‘ഭയങ്കരം’ എന്നാണ് വിശേഷിപ്പിച്ചത്.