മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് റഷ്യ നടത്തിയ ആക്രമണത്തില്‍ യുക്രെയ്‌നിലെ അഞ്ച് മേഖലയിലെ ഊര്‍ജ സംവിധാനങ്ങള്‍ തകര്‍ന്നു. കിഴക്കന്‍ ഡൊണെസ്‌ക്, തെക്കുകിഴക്കന്‍ സപ്പോരിസിയ, ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖലകളിലും കിറോവോഹ്രാദ്, ഇവാനോ-ഫ്രാങ്കിവ്‌സ്‌ക് മേഖലകളിലുമാണ് ശനിയാഴ്ച പുലര്‍ച്ച ആക്രമണമുണ്ടായത്. മാര്‍ച്ച് മാസം മുതല്‍ ഊര്‍ജ സംവിധാനങ്ങള്‍ക്ക് നേരെ നടക്കുന്ന ആറാമത്തെ വലിയ ആക്രമണമാണിത്.
ആക്രമണത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ഖാര്‍കിവ് മേഖലയില്‍ വീടുകള്‍ക്ക് സമീപമുണ്ടായ ആക്രമണത്തില്‍ എട്ട് കുട്ടികളടക്കം 12 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, 53 മിസൈലുകളില്‍ 35 എണ്ണവും 47 ഡ്രോണുകളില്‍ 46 എണ്ണവും വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായി യുക്രെയ്ന്‍ സൈന്യം അറിയിച്ചു.രണ്ട് താപവൈദ്യുതി നിലയങ്ങള്‍ തകര്‍ന്നതായും ഉപകരണങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായും യുക്രെയ്‌നിലെ ഏറ്റവും വലിയ സ്വകാര്യ ഊര്‍ജ ഉല്‍പാദക ഗ്രൂപ്പായ ഡിടെക് അറിയിച്ചു.
രാജ്യത്തിന് കൂടുതല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കണമെന്നും എഫ് 16 വിമാനങ്ങളുടെ വിതരണം ത്വരിതപ്പെടുത്തണമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വെളോദിമിര്‍ സെലന്‍സ്‌കി പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. അതേസമയം യുക്രെയ്ന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായും മൂന്നുപേര്‍ക്ക് പരിക്കേറ്റതായും റഷ്യ അറിയിച്ചു. ശനിയാഴ്ച ബെല്‍ഗൊറോഡ് മേഖലയില്‍ യുക്രെയ്‌നിന്റെ രണ്ട് ഡ്രോണുകള്‍ വെടിവെച്ചിട്ടതായും റഷ്യ അറിയിച്ചു.