സിറിയയിലെ വ്യോമതാവളത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടു. ഹോംസ് പ്രവിശ്യായിലെ സൈനിക താവളത്തിന് നേരെ ഞായറാഴ്ചയാണ് ഇസ്രായേൽ മിസൈൽ തെടുത്തത്. ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്ഥിരീകരിച്ചു.
ഹോംസ് നഗരത്തിലുള്ള വ്യോമതാവളത്തിലെ ഒരു റൺവേയെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് സിറിയൻ സൈനിക വൃത്തങ്ങൾ പറയുന്നത്. ഷയറാത്തിലെ ഈ വ്യോമതാവളം അടുത്തിടെ ഇറാൻ വ്യോമസേന ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ മിസൈൽ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നാണ് ഇസ്രായേലിൻറെ നിലപാട്.
അതേസമയം ഷയറത്തിലെ ഈ വ്യോമതാവളം കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ റഷ്യൻ സൈന്യം വൻതോതിൽ വിപുലീകരിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ സനയാണ് ഇത് റിപ്പോർട്ട് ചെയ്തത്.