Tuesday, November 26, 2024

വാണിജ്യകപ്പലുകള്‍ക്കുനേരെ മിസൈൽ ആക്രമണം: മൂന്ന് ഡ്രോണുകള്‍ വെടിവച്ചിട്ട് യു.എസ്

ചെങ്കടലില്‍കൂടി സഞ്ചരിച്ച വാണിജ്യകപ്പലുകള്‍ക്കുനേരെ ഞായറാഴ്ച മിസൈൽ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതി വിമതരാണ് ആക്രമണത്തിനുപിന്നിലെന്ന് സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി മൂന്ന് ഡ്രോണുകള്‍ വെടിവച്ചിട്ടതായി യു.എസ് അറിയിച്ചു.

പനാമിയൻ പതാകയുള്ള നമ്പർ 9, സോഫി II എന്നീ വാണിജ്യകപ്പലുകള്‍ക്ക് നേരെയായിരുന്നു ഹൂതി വിമതരുടെ ആക്രമണം നടന്നത്. ഞായറാഴ്ച പ്രാദേശികസമയം രാവിലെ 9:15 -ഓടെ (0615 ജിഎംടി) ഹൂതി നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനത്തുനിന്നായിരുന്നു മിസൈൽ ആക്രമണം. സംഭവത്തില്‍
നമ്പർ 9 കപ്പലിന് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ആളപായമില്ല. എന്നാല്‍ സോഫി II കപ്പലിന് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, മണിക്കൂറുകൾ നീണ്ട ആക്രമണത്തിനിടെ യു.എസ് യുദ്ധക്കപ്പൽ സ്വയം പ്രതിരോധത്തിനായി മൂന്ന് ഡ്രോണുകൾ വെടിവച്ചിട്ടതായി യു.എസ് സൈന്യം അറിയിച്ചു. ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര വാണിജ്യത്തിനും സമുദ്രസുരക്ഷയ്ക്കുമെതിരെയുള്ള നേരിട്ടുള്ള ഭീഷണിയാണെന്ന് യു.എസ് മിലിട്ടറിയുടെ സെൻട്രൽ കമാൻഡ് പ്രസ്താവനയിലൂടെ പ്രതികരിച്ചു.

Latest News