കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട അമേരിക്കൻ സ്വദേശിയായ ട്രാവിസ് ടിമ്മർമാനെ സിറിയയിലെ ജയിലിൽ ജീവനോടെ കണ്ടെത്തി. രാജ്യത്തെ ബഷർ അൽ അസദിന്റെ ഭരണം തകർന്നതിനെ തുടർന്നാണ് ട്രാവിസിന്റെ മോചനം സാധ്യമായത്. അനുമതിയില്ലാതെ സിറിയയിലേക്കു കടന്നതിന് ഏഴുമാസമായി തടവിലായിരുന്നു അമേരിക്കയിലെ മിസോറിയിൽനിന്നുള്ള 29 കാരനായ ട്രാവിസ്.
വിമതപോരാളികൾ ചുറ്റിക ഉപയോഗിച്ച് തടവറയുടെ വാതിൽ തകർത്താണ് ട്രാവിസിനെ മോചിപ്പിച്ചതും അപ്പോഴാണ് അസദ് ഭരണകൂടം തകർന്നതിനെപ്പറ്റി ട്രാവിസ് അറിയുന്നതും. ഞായറാഴ്ച, വിമതർ ഡമാസ്‌കസിലും പരിസരത്തുമുള്ള ജയിലുകൾ തുറന്ന് ആയിരക്കണക്കിന് തടവുകാരെ സ്വതന്ത്രരാക്കിയിരുന്നു. 2011 ൽ ആഭ്യന്തരയുദ്ധം ആരംഭിച്ചതു മുതൽ, സിറിയയിലെ സുരക്ഷാസേന ലക്ഷക്കണക്കിന് ആളുകളെ ജയിലുകളിൽ തടവിലാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ക്രിസ്ത്യൻ പ്രേഷിതപ്രവർത്തനത്തിനും ആത്മീയലക്ഷ്യങ്ങൾക്കുമായാണ് താൻ സിറിയയിലേക്കു പോയതെന്നും ജയിലിലെ അനുഭവം ‘വളരെ മോശമായിരുന്നില്ല’ എന്നും ട്രാവിസ്, തന്നെ കണ്ടെത്തിയ മാധ്യമപ്രവർത്തകനോടു പറഞ്ഞു.
“എന്നെ ആരും ഒരിക്കലും തല്ലിയിട്ടില്ല. എനിക്ക് ആവശ്യമുള്ളപ്പോൾ ബാത്ത്റൂമിൽ പോകാൻ കഴിയുമായിരുന്നില്ല എന്നതാണ് ജയിലിലെ എന്റെ ഏറ്റവും മോശം അനുഭവം. ബാത്ത്റൂമിൽ പോകാൻ ദിവസത്തിൽ മൂന്നു തവണ മാത്രമാണ് എന്നെ സെല്ലിനു പുറത്തുവിട്ടിരുന്നത്” – അദ്ദേഹം പറഞ്ഞു.