കമ്മ്യൂണിസ്റ്റുകാരുടെ സഹായികൾ എന്ന് മുദ്രകുത്തി ഫിലിപ്പീൻസിൽ മിഷനറിമാരെയും സന്യാസിനികളെയും അത്മായരെയും അറസ്റ്റ് ചെയ്യുന്ന പ്രവണത തുടരുന്നു. കഴിഞ്ഞ ദിവസം തീവ്രവാദത്തിന് ധനസഹായം നൽകി എന്ന കുറ്റം ചുമത്തി സുൽത്താൻ കുദാരത്ത് പ്രവിശ്യയിലെ പൊലീസ്, “ഫിലിപ്പൈൻസിലെ റൂറൽ മിഷനറീസ്” എന്ന സംഘടനയുടെ ഓപ്പറേറ്ററായ ഐലീൻ മണിപോൾ വില്ലറോസയെ അറസ്റ്റ് ചെയ്തു.
കർഷകർ, മത്സ്യത്തൊഴിലാളികൾ, തദ്ദേശവാസികൾ എന്നിവർക്കിടയിൽ അജപാലന തൊഴിലാളികളായി പ്രവർത്തിക്കുന്ന മതപുരോഹിതർ, സാധാരണക്കാർ എന്നിവരെ ഒരുമിച്ചു കൊണ്ടുവരുന്ന ഒരു ദേശീയ കത്തോലിക്കാ, അന്തർ-മത, ഇന്റർഡയോസിസൻ സംഘടനയാണ് റൂറൽ മിഷനറീസ് ഓഫ് ഫിലിപ്പീൻസ് (RMP). 1969-ൽ സ്ഥാപിതമായ ഈ സംഘടന ഫിലിപ്പീൻസിലെ മത മേലധികാരികളുടെ അസോസിയേഷന്റെ പങ്കാളിത്വത്തോടെയാണ് നടത്തപ്പെടുന്നത്.
തീവ്രവാദത്തിന് ധനസഹായം നൽകിയെന്ന് ആരോപിച്ച് അഞ്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള മിഷനറിമാർ, ഭരണകൂടവുമായി ഏറ്റുമുട്ടുന്ന കമ്മ്യൂണിസ്റ്റ് പ്രചോദിത സായുധ ഗ്രൂപ്പായ ന്യൂ പീപ്പിൾസ് ആർമിക്ക് ഫണ്ട് കൈമാറിയതായി ആരോപിക്കപ്പെടുന്നു. കൂടാതെ, 2022 നവംബറിൽ, ‘യുണൈറ്റഡ് ചർച്ച് ഓഫ് ക്രൈസ്റ്റ് ഇൻ ദി ഫിലിപ്പീൻസിലെ’ വൈദികനായ റവ. എഡ്വിൻ എഗാർ അറസ്റ്റ് ചെയ്യപ്പെട്ടു. തീവ്രവാദത്തെ പിന്തുണച്ചു എന്ന് ആരോപിച്ച് ട്രേഡ് യൂണിയനിസ്റ്റുകളും സഹായതൊഴിലാളികളും ഉൾപ്പെടെ മറ്റ് 71 പേർക്കെതിരെയും കുറ്റം ചുമത്തി. എന്നാൽ ഇവർ കത്തോലിക്കാ സഭയുമായി ചേർന്നുള്ള സന്നദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതല്ലാതെ മറ്റൊരു കുറ്റവും ചെയ്തിട്ടില്ല. സർക്കാരിനെ എതിർക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തി ക്രൈസ്തവരെ പീഡിപ്പിക്കുന്ന തന്ത്രത്തിന്റെ ഭാഗമാണ് ഇത്തരം പ്രവർത്തനങ്ങളെന്ന് വിശ്വാസികൾ ചൂണ്ടിക്കാണിക്കുന്നു.