Friday, April 4, 2025

വടക്കേ അമേരിക്കയുടെ സ്വകാര്യ അഹങ്കാരം, മിസിസിപ്പി നദി

വടക്കേ അമേരിക്കയിലെ ഏറ്റവും നീളമേറിയ നദികളിലൊന്നാണ് മിസിസിപ്പി നദി. അവിടുത്തെ സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും വികാസത്തിന് ഈ നദി വളരെയധികം സംഭാവന നല്‍കിയിട്ടുണ്ട്. മിസോറി നദിയുമായി ചേര്‍ന്ന് ലോകത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ നദീതടങ്ങളില്‍ ഒന്നായി മിസിസിപ്പി മാറുന്നു. അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ കിഴക്കുഭാഗത്താണ് ഈ നദി സ്ഥിതിചെയ്യുന്നത്. മിനസോട്ടയില്‍ സ്ഥിതിചെയ്യുന്ന ഇറ്റാസ്‌ക തടാകമാണ് ഇതിന്റെ പ്രധാന ഉറവിടം. മെക്സിക്കോ ഉള്‍ക്കടലിലാണ് അവസാനിക്കുന്നത്. മിസിസിപ്പി നദിയുടെ മൊത്തം നീളം ഏകദേശം 3734 കിലോമീറ്ററാണ്.

ലോറന്‍ഷ്യ എന്ന സൂപ്പര്‍ ഭൂഖണ്ഡം നിലനിന്നിരുന്നപ്പോള്‍ രൂപംകൊണ്ട ഹിമപാളിയുടെ ഭാഗമാണ് ഈ നദിയുടെ ഉത്ഭവം എന്നു കരുതപ്പെടുന്നു. 1541 ല്‍ ഹെര്‍ണസടോ ഡി സൊടോ എന്ന യൂറോപ്യന്‍ നാവികനാണ് ഈ നദി കണ്ടെത്തിയത്. അമേരിക്കയിലെ കച്ചവടവുമായി ബന്ധപ്പെട്ട ചരിത്രമാണ് മിസിസിപ്പിയുടേത്. ഇരുപത്തഞ്ച് ഡാമുകള്‍ ഉള്ള ഈ നദിയില്‍ നിന്നാണ് മിസോറി നിവാസികള്‍ക്ക് കുടിവെള്ളവും കറന്റും ലഭിക്കുന്നത്.

വളരെയധികം സംസ്ഥാനങ്ങള്‍ കടന്ന് ഒഴുകുന്നതിനാല്‍ ചെളിയും കളിമണ്ണും കൊണ്ട് സമ്പന്നമായ ഈ നദിയില്‍ സസ്യജന്തുജാലങ്ങളുടെ ഉയര്‍ന്ന സമൃദ്ധിയുമുണ്ട്. മിസിസിപ്പി നദിയെ ആശ്രയിച്ച് നിരവധി വ്യവസായങ്ങളും നടന്നിരുന്നു. അതിനാവശ്യമായ കൊടുക്കല്‍ വാങ്ങലുകള്‍ നടത്താന്‍ 1820 കളില്‍ സ്റ്റീം ബോട്ടുകളും 1830 നും 1950 നും ഇടയിലുള്ള കാലഘട്ടം കപ്പലുകളും ഉപയോഗപ്പെടുത്തിയിരുന്നു.

മിസിസിപ്പിയ്ക്ക് അതിന്റെ പേര് ലഭിച്ചിരിക്കുന്നത് ഒബിവെ ഭാഷയില്‍ മഹാനദി എന്നര്‍ത്ഥം വരുന്ന മിസി-സീബി എന്ന പ്രയോഗത്തില്‍ നിന്നാണ്. ഹോപ്വെല്‍, മിസിസിപ്പി സംസ്‌കാരങ്ങള്‍ മിസിസിപ്പി നദീതടത്തിന്റേയും പോഷക നദികളുടേയും കിഴക്കുഭാഗത്തു നിന്നാണ് ഉടലെടുത്തത്. 1750 കളില്‍ വടക്കേ അമേരിക്കയില്‍ ബ്രിട്ടീഷുകാര്‍ക്കും ഫ്രഞ്ചുകാര്‍ക്കുമിടയിലുള്ള അതിര്‍ത്തി നിര്‍ണായകമായിരുന്നു. മിസിസിപ്പി നദീതടത്തിന്റെ അവകാശം ഫ്രാന്‍സ് വളരെക്കാലം അവകാശപ്പെടുകയും ചെയ്തിരുന്നു.

ഗെയിറ്റ് വേ ഓഫ് ആര്‍ച്ച്

മിസിസിപ്പി നദിക്കരയിലാണ് ഗെയിറ്റ് വേ ഓഫ് ആര്‍ച്ച്. 630 അടി ഉയരവും അത്രതന്നെ അടി വീതിയുമുള്ള അതിമനോഹരമായ ഈ സ്മാരകസൗധം അമേരിക്കയിലെത്തുന്ന സന്ദര്‍ശകരെ ആകര്‍ഷിക്കും. ആര്‍ച്ചിന്റെ ഏറ്റവും ഉയരത്തില്‍ എത്തിച്ചേരാന്‍ 8 മിനി റെയില്‍ കാബിനുകള്‍ പ്രവര്‍ത്തിക്കുന്നു. മുകളിലത്തെ ഗാലറിയില്‍ നിന്നും സാന്‍ലൂയിസിന്റെ ആകാശക്കാഴ്ചകള്‍ ആസ്വദിക്കുന്നതിനൊപ്പം ശാന്തമായി ഒഴുകുന്ന മിസിസിപ്പി നദിയുടെ ദൂരക്കാഴ്ചകളും ആസ്വദിക്കാം.

Latest News