വ്യാജ അഫ്ഗാൻ പാസ്പോർട്ടുകൾ ഉണ്ടെന്ന തെറ്റിധാരണയെ തുടർന്നാണ് ബ്രിട്ടീഷ് ദമ്പതികളെ അഫ്ഗാനിസ്ഥാനിൽ അറസ്റ്റ് ചെയ്തതെന്ന് താലിബാൻ ചൊവ്വാഴ്ച അറിയിച്ചു. ഫെബ്രുവരി ഒന്നിന് മധ്യപ്രവിശ്യയായ ബാമിയാനിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെ താലിബാന്റെ ആഭ്യന്തരമന്ത്രാലയം, 70 വയസ്സുകഴിഞ്ഞ ബ്രിട്ടീഷ് ദമ്പതികളായ പീറ്റ ബാർബിയെയും റെയ്നോൾഡ്സിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാനിൽ വിദ്യാഭ്യാസ പരിശീലനപരിപാടികൾ നടത്തുന്ന ദമ്പതികളെയും അവരുടെ ബിസിനസ്സിലെ ഒരു ചൈനീസ്-അമേരിക്കൻ സുഹൃത്തും വ്യാഖ്യാതാവുമായ ഫെയ് ഹാളിനെയുമാണ് അറസ്റ്റ് ചെയ്തത്. വ്യാജ അഫ്ഗാൻ പാസ്പോർട്ടുകൾ കൈവശം വച്ചിരുന്നുവെന്ന തെറ്റിധാരണയെ തുടർന്നാണ് അറസ്റ്റെന്ന് താലിബാൻ വക്താവ് അബ്ദുൾ മതീൻ ഖാനി പറഞ്ഞു. ദമ്പതികളെ എത്രയുംവേഗം മോചിപ്പിക്കാൻ താലിബാൻ ശ്രമിക്കുമെന്ന് തിങ്കളാഴ്ച ഖാനി പറഞ്ഞതായി ബി ബി സി റിപ്പോർട്ട് ചെയ്തു.
50 വർഷങ്ങൾക്കുമുമ്പ് കാബൂളിൽ വിവാഹിതരായ ഈ ദമ്പതികൾ 2009 മുതൽ പ്രവർത്തിക്കുന്ന ‘അഫ്ഗാൻ-രജിസ്റ്റർ ചെയ്ത ഗവേഷണ പരിശീലന ബിസിനസ്സ്’ ആയ റീബിൽഡ് നടത്തിവരികയായിരുന്നു.