Friday, April 4, 2025

പാക്കിസ്ഥാനിലെ ആള്‍ക്കൂട്ട ആക്രമണം: പ്രതിഷേധം ശക്തമാക്കി ക്രൈസ്തവര്‍

സെന്‍ട്രല്‍ പഞ്ചാബ് പ്രവിശ്യയില്‍ മതനിന്ദയുടെ പേരില്‍ ക്രൈസ്തവരെ കൂട്ടം ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍. പഞ്ചാബിലെ സര്‍ഗോധ ജില്ലയില്‍ രണ്ട് വീടുകള്‍ക്കും ഷൂ ഫാക്ടറിക്കും നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്നാണ് ക്രൈസ്തവര്‍ തങ്ങളുടെ ആക്രമണം ശക്തമാക്കിയത്.

ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പെഷവാര്‍ നഗരം മുതല്‍ സിന്ധിലെ തെക്കന്‍ കറാച്ചി വരെ ക്രൈസ്തവര്‍ പ്രതിഷേധവുമായി തടിച്ചുകൂടി.’ഞങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തിന് നീതി ആവശ്യപ്പെടുന്നു. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അത് ഇല്ലാതാകണം’ വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ഹസാര ഡിവിഷനിലെ പീസ് കമ്മിറ്റി ചെയര്‍മാന്‍ നോഷെര്‍വാന്‍ ഇഖ്ബാല്‍ പറഞ്ഞു.

ക്രിസ്ത്യന്‍ ഫാക്ടറി ഉടമ നസീര്‍ മസിഹിനെ മുജാഹിദ് കോളനിയിലെ താമസസ്ഥലത്ത് ഖുര്‍ആനിന്റെ പേജുകള്‍ കത്തിച്ചുവെന്നാരോപിച്ച് നാനൂറിലധികം വരുന്ന ജനക്കൂട്ടം വടികളും ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ”വ്യാപാരിയായ ഞങ്ങളുടെ സഹോദരന്‍ ഇരയാക്കപ്പെട്ടു. ഞങ്ങള്‍ സമാധാനപരമായ ആളുകളാണ്. എന്നാല്‍ ഞങ്ങളെ അവര്‍ ആക്രമിക്കുകയാണ്’- ഇക്ബാല്‍ ചൂണ്ടിക്കാട്ടി.

ഈ സംഭവത്തിനു സമാനമായ രീതിയില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്നിരുന്നു. അന്നത്തെ ആള്‍ക്കൂട്ട ആക്രമണത്തിന് സാക്ഷ്യം വഹിച്ച പഞ്ചാബ് പ്രവിശ്യയിലെ സര്‍ഗോധയില്‍ നിന്നുള്ള 200-ലധികം ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ പകുതിയിലധികം ആളുകളും അവിടെ നിന്നും പലായനം ചെയ്തിരുന്നു.

 

Latest News