Tuesday, November 26, 2024

‘സംഗ്യാന്‍’; പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പഠിക്കുന്നതിന് ആര്‍പിഎഫിന് മൊബൈല്‍ ആപ്പ്

രാജ്യത്ത് പുതുതായി നിലവില്‍ വന്ന ക്രിമിനല്‍ നിയമങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് അവബോധം നല്‍കുന്നതിന് റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ് ) മൊബൈല്‍ ആപ്പ് പുറത്തിറക്കി.സംഗ്യാന്‍ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഇത് ലഭ്യമാണ്.മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങളെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ നല്‍കുന്നതിനായാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ് ), ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത (ബിഎന്‍എസ്എസ് ), ഭാരതീയ സാക്ഷ്യ അധീനിയം ( ബിഎസ്എ) എന്നിവയാണ് പുതുതായി പ്രാബല്യത്തില്‍ വന്ന നിയമങ്ങള്‍.പ്രസ്തുത നിയമങ്ങളുടെ പ്രയോഗത്തിനും പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരുന്നതിനും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് സംഗ്യാന്‍ ആപ്പ് സഹായവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. ഉദ്യോഗസ്ഥര്‍ക്ക് എവിടെ ഇരുന്നാലും പുതിയ നിയമങ്ങളുടെ വിശദാംശങ്ങള്‍ അറിയാനും കൂടുതല്‍ വിവരങ്ങള്‍ തിരയാനും ഒപ്പം റഫര്‍ ചെയ്യാനും കഴിയും വിധമാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

1957ലെ റെയില്‍വേ സംരക്ഷണ സേന നിയമം, 1989- ലെ റെയില്‍വേ നിയമം,1996-ലെ റെയില്‍വേ പ്രോപ്പര്‍ട്ടി നിയമം,1987 -ലെ ആര്‍പിഎഫ് ചട്ടങ്ങള്‍ എന്നിവ ഉള്‍പ്പെടെ റെയില്‍വേയുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ അവശ്യ നിയമങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയുന്നതിനും സംശയങ്ങള്‍ ദുരീകരിക്കുന്നതിനും ആപ്പ് വഴി സാധിക്കും.

 

Latest News